KeralaNEWS

കലക്ടര്‍ നിയമന ഉത്തരവില്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കകം ജോലിയില്‍ പ്രവേശിച്ചു!

പത്തനംതിട്ട: റവന്യു വകുപ്പിലെ എല്‍.ഡി. ക്ലാര്‍ക്ക് നിയമനം വിവാദത്തില്‍. കലക്ടറേറ്റില്‍നിന്ന് തപാലില്‍ നിയമന ഉത്തരവ് അയയ്ക്കുന്നതിനു മുന്‍പു തന്നെ ഉത്തരവ് കൈപ്പറ്റി രണ്ടു പേര്‍ ജോലിയില്‍ പ്രവേശിച്ചെന്നു പരാതി. സംഭവത്തില്‍ കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പി.എസ്.സി ശിപാര്‍ശ പ്രകാരം 25 പേര്‍ക്ക് റവന്യു വകുപ്പില്‍ നിയമനം നല്‍കിക്കൊണ്ടു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. കലക്ടറേറ്റില്‍നിന്ന് തപാല്‍ മാര്‍ഗമാണ് ഉദ്യോഗാര്‍ഥികള്‍ക്കു നിയമന ഉത്തരവ് എത്തേണ്ടത്. എന്നാല്‍, ഉത്തരവില്‍ കലക്ടര്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കകം രണ്ടു പേര്‍ അടൂര്‍ താലൂക്കില്‍ ജോലിക്കു പ്രവേശിച്ചതാണു വിവാദമായത്.

ലിസ്റ്റിലെ പത്താം സ്ഥാനക്കാരനായ വെളിയം സ്വദേശിക്കും പതിനാലാം സ്ഥാനക്കാരിയായ കോട്ടാത്തല സ്വദേശിനിക്കും ഉത്തരവ് നേരിട്ട് കൈമാറിയതായാണ് പരാതി. മറ്റുള്ള 23 പേര്‍ക്കും തപാല്‍ വഴി ഇന്നലെയാണ് ഉത്തരവ് അയച്ചത്.

വിഷയത്തില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. സംഘ് കലക്ടറുടെ ചേംബറില്‍ കയറി പ്രതിഷേധിച്ചു. അതേസമയം, സ്ഥിര മേല്‍വിലാസത്തിലല്ല താമസമെന്ന് കാണിച്ച് ഉദ്യോഗാര്‍ഥികള്‍ രേഖാമൂലം എഴുതി നല്‍കിയതിനാലാണ് ഉത്തരവ് നേരിട്ട് കൈമാറിയതെന്നാണ് ജോയിന്റ് കൗണ്‍സിലിന്റെ വിശദീകരണം.

 

 

Back to top button
error: