KeralaNEWS

പാര്‍ട്ടിയോടും സര്‍ക്കാരിനോടും അതൃപ്തി; ഇ.പി ജയരാജന്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു?

തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനറും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സൂചന. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. ഇ.പി അനിശ്ചിതകാല അവധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹം, എ.കെ.ജി സെന്ററില്‍ എത്തിയിട്ടില്ല.

എം.വി. ഗോവിന്ദനെ മന്ത്രി സ്ഥാനം രാജിവയ്പിച്ച് പാര്‍ട്ടി സെക്രട്ടറിയായി നിയമിച്ചതടക്കം ഒട്ടനവധി വിഷയങ്ങളില്‍ ഇ.പിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍െ്‌റ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന ഇ.പി ജയരാജന്, ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം പോലും ലഭ്യമായത്. സി.പി.എമ്മിലെ 74 വയസ് പ്രായപരിധി പിന്നിടാന്‍ രണ്ടു വര്‍ഷം കൂടി മുന്നിലുണ്ടെങ്കിലും പടിയിറങ്ങാന്‍ തന്നെയാണ് അദ്ദേഹത്തിന്‍െ്‌റ തീരുമാനമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സി.പി.എമ്മിന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയായിരുന്നു ഇ.പി ജയരാജന്‍ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയശേഷമാണ് സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. മികച്ച സംഘാടകനായി പേരെടുത്ത ഇ.പി ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുതേടക്കം സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ജനറല്‍ മാനേജരുമായിരുന്നു.

ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായ-കായിക മന്ത്രിയായിരുന്നു ഇ.പി ജയരാജന്‍. മന്ത്രിയായിരിക്കെ ബന്ധുനിയമവിവാദത്തില്‍ 2016 ഒക്ടോബര്‍ 14-ന്, മന്ത്രിസ്ഥാനം രാജിവച്ചു. 2017 സെപ്റ്റംബറില്‍, വിജിലന്‍സ് ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനാക്കിയതോടെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. നാലു തവണ നിയമസഭയിലേക്കു മത്സരിച്ചു. 1991, 2011, 2016 വര്‍ഷങ്ങളില്‍ നിയമസഭാംഗമായി.

 

 

Back to top button
error: