തൃശ്ശൂര്‍: ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ കാട്ടാന കബാലിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടു കൂടിയായിരുന്നു സംഭവം. ബസിനുനേരെ പാഞ്ഞടുത്ത ആന, ബസിനെ കൊമ്പില്‍ കുത്തി ഉയര്‍ത്തി താഴെ വെക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് വൈകിട്ട് അഞ്ച് മണിക്കായിരുന്നു ബസ് സര്‍വീസ്. ബസ് തിരികെ ചാലക്കുടിയിലേക്ക് വരുന്ന സമയത്ത് അമ്പലപ്പാറ വളവില്‍വെച്ചായിരുന്നു സംഭവം. ഏറെ നേരം ബസ് കടത്തിവിടാതെ റോഡില്‍ നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി. ആളപായമൊന്നുമില്ലെന്നാണ് വിവരം. എട്ടരയോടെ അവസാനിപ്പിക്കേണ്ട ബസ് പതിനൊന്ന് മണിയോടെയായിരുന്നു സര്‍വീസ് അവസാനിപ്പിച്ചത്.
കുറേ നാളുകളായി കബാലി എന്ന ആനയുടെ സാന്നിധ്യം റോഡില്‍ ഉണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇപ്പോള്‍ കബാലി കൂടുതല്‍ അക്രമണകാരിയാകുന്നുവെന്നാണ് വിവരം.