FictionLIFE

ഒഴിവുദിവസത്തെ കളി

ണ്ട് വഴികളുണ്ടായിരുന്നു എന്റെ മുന്നിൽ.അല്ലെങ്കിൽ രണ്ടേ രണ്ടു വഴികൾ മാത്രമായിരുന്നു എന്റെ മുന്നിൽ ഉള്ളത്.ഒന്നുകിൽ തോൽവി സമ്മതിച്ചു കിടക്കപ്പായ വിട്ട് എഴുന്നേറ്റു പോകുക.അല്ലെങ്കിൽ അത്യുഗ്രമായ ഒരു പ്രത്യാക്രമണം കാഴ്ചവയ്ക്കുക.
ആദ്യത്തേത് ഭീരുത്വമാണ്.രണ്ടാമത്തേതാകട്ടെ അന്നത്തെ ദിവസത്തേക്ക് കരുതിവച്ചിട്ടുള്ള മൊത്തം ഊർജ്ജം നഷ്ടപ്പെടുത്തുന്ന ഒരു പരിപാടിയും,ആ നേരത്ത് ഞാനൊരിക്കലും ആഗ്രഹിക്കാത്തതും!
 ഒഴിവുദിവസമായതിനിൽ അൽപ്പം താമസിച്ച് എഴുന്നേൽക്കാമെന്നുള്ള എന്റെ മോഹങ്ങളുടെ മേലേക്കൂടിയാണ് കൊതുകുകൾ നിരന്തരം പറന്നു കളിച്ചത്.റഷ്യൻ വേൾഡ് കപ്പിലെ തലേന്നത്തെ മത്സരങ്ങളെല്ലാം കണ്ടതിനുശേഷം അൽപ്പം വൈകിയാണ് ഞാൻ ഉറങ്ങാൻ കിടന്നത്.പോരാത്തതിന് കൊട്ടുവടിയുടെ കുന്തളിപ്പും.(അതിനാൽ അതിനു മുമ്പുള്ള കാര്യം എനിക്കോർമ്മയില്ല,കേട്ടോ) എതിർ ഗോളിയെ നിരന്തരം ശല്യപ്പെടുത്തുന്ന മെസ്സിയെപ്പോലെ അവറ്റകൾ എന്റെ ശരീരത്തിൽക്കൂടി കയറിയും ഇറങ്ങിയും പാസ് ചെയ്തു കളിച്ചപ്പോൾ കൊതുകുതിരിപോലുള്ള പ്രതിരോധഭടൻമ്മാരെ മുൻകൂട്ടി കണ്ട് കരുതിവയ്ക്കാൻ കഴിയാതിരുന്ന ഞാൻ രണ്ടാം റൗണ്ട് കാണാതെ പുറത്തായ ടീമിന്റെ കോച്ചിന്റെ അവസ്ഥയിലുമായി.പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഞാൻ മുതിർന്നപ്പോഴൊക്കെ അവ നെയ്മറിനെപ്പോലെ വെട്ടിയൊഴിയുകയും റൊണാൾഡോയെപ്പോലെ പെട്ടെന്ന് വെട്ടിത്തിരിഞ്ഞു വന്ന് എന്റെ ശരീരത്തിൽക്കൂടി ഡ്രിബിൾ ചെയ്ത് വീണ്ടും വീണ്ടും മുന്നേറുകയും ചെയ്തു.
 യൂറോപ്യൻ ലാറ്റിനമേരിക്കൻ സ്കില്ലിനോട് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടിയ ഞാൻ നമ്മുടെ സ്വന്തം ആയോധന കലതന്നെയാണ് പിന്നെ പുറത്തെടുത്ത്.ഓതിരവും കടകവും മറിഞ്ഞ് ,ഉയർന്നും താഴ്ന്നും ചരിഞ്ഞും ഞാൻ വീശി.കൈകൊണ്ടുള്ള തട്ട് കൊണ്ടവർ കൊണ്ടവർ വീണെങ്കിലും ഫീനിക്സ് പക്ഷിയെപ്പോലെ ചിലത് ഉയർത്തുവരുന്നത് എന്നെ വീണ്ടും കുഴപ്പത്തിലുമാക്കി.
 ഒടുവിൽ ഒഴിവുദിവസത്തിന്റെ ആദ്യ പകുതി തന്നെ പാളിപ്പോകുന്നത് തിരിച്ചറിഞ്ഞ ഞാൻ തൽക്കാലം കളി നിർത്തി എഴുന്നേറ്റു.പിന്നെ പല്ലുപോലും തേക്കാതെ ഷർട്ടെടുത്തിട്ടുകൊണ്ട് നേരെ ജോസഫേട്ടന്റെ കടയിലേക്ക് വച്ചുപിടിച്ചു.അവിടെ എനിക്കായി ‘ആമമാർക്കി’ന്റെ ജഴ്സിയിൽ കുറെ കളിക്കാർ കാത്തിരുപ്പുണ്ടായിരുന്നു-നല്ലൊന്നാന്തരം പ്രതിരോധ ഭടൻമാർ!
 അവരെയെല്ലാം ഒറ്റയടിക്ക് റിക്രൂട്ട് ചെയ്ത ശേഷമാണ് ഞാൻ തിരികെ വീട്ടിലേക്ക് നടന്നത്; അടുത്ത ഒഴിവു ദിവസമെങ്കിലും സെൽഫ് ഗോൾ വീഴാതിരിക്കാനായി…!
ഏബ്രഹാം വറുഗീസ്

Back to top button
error: