ബംഗളൂരു: വൻ നഷ്ടത്തിൽ ബംഗളൂരു ‘നമ്മ മെട്രോ’. കഴിഞ്ഞ സാമ്പത്തിക വർഷം 614 കോടി രൂപയുടെ നഷ്ടമാണ് ബി.എം.ആർ.സിക്ക് നേരിടേണ്ടിവന്നത്.
ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും പ്രവർത്തന ചെലവ്, ജീവനക്കാരുടെ വേതനം എന്നിവക്കായി പ്രതിവർഷം 820 കോടി രൂപയാണ് വേണ്ടത്.207 കോടി രൂപയാണ് ടിക്കറ്റ് വരുമാനം.
സ്റ്റേഷനുകളിലും ട്രെയിനുകളിലും പരസ്യം നൽകി വരുമാനം കൂട്ടാനാണ് ബി.എം.ആർ.സി ലക്ഷ്യമിടുന്നത്. വർഷം 30 കോടിരൂപ പരസ്യവരുമാനത്തിൽനിന്ന് നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി ബി.എം.ആർ.സി എം.ഡി അൻജും പർവേശ് പറഞ്ഞു.
സ്റ്റേഷനുകൾക്കുള്ളിലും ട്രെയിനുകളിലുമാണ് പരസ്യങ്ങൾ സ്ഥാപിക്കുന്നത് അനുമതി നൽകിയിരിക്കുന്നത്. എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ, പ്ലാറ്റ്ഫോം, ടിക്കറ്റ് കൗണ്ടറുകൾ എന്നിവിടങ്ങളിലും പുതുതായി പരസ്യം സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. മെട്രോ തൂണുകൾക്ക് മുകളിൽ പരസ്യ ബോർഡുകൾ പുനഃസ്ഥാപിക്കുന്നതിന് തൽക്കാലം അനുമതിയില്ല. നഗരപരിധിയിൽ പൊതുസ്ഥലങ്ങളിൽ പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനുള്ള ഹൈകോടതി വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് ഇത്.