FictionNEWSSports

മഴയുടെ കൊട്ടിപ്പാടലുകൾ;കാണികളുടെയും

ല്ലാവരും എത്തുന്നതുവരെ ഇരുട്ടിന്റെ മറപറ്റി ഞങ്ങൾ കവലയിലുണ്ടാകും.കാപ്പിപ്പൊടിയും പഞ്ചസാരയും കഴിക്കാനുള്ള ബണ്ണുമൊക്കെ കൂടെ കരുതിയിട്ടുണ്ടാവും.എല്ലാവരും എത്തിക്കഴിഞ്ഞാൽപ്പിന്നെ ചറപറ വർത്തമാനവും പറഞ്ഞ് ഒറ്റ നടത്തമാണ്.ലക്ഷ്യം ഫുട്ബോൾ ആരാധകനായ ബാബുച്ചായന്റെ വീടാണ്.കൂട്ടിന് മഴയുടെ കൊട്ടിപ്പാടലുമുണ്ടാവും.
പറഞ്ഞുവരുന്നത് ഇറ്റാലിയ’90 യുടെ കളിയാരവങ്ങൾ ഒരു വീടിന്റെ നാലു ചുവരുകൾക്കുള്ളിലേക്കാ തേടിപ്പോയ ഞങ്ങളുടെ നാട്ടിലെ കാണികളെപ്പറ്റിയാണ്.മിലാനും നേപ്പിൾസും ടൂറിനുമൊക്കെ ഞങ്ങൾക്ക്  ആ വീടായിരുന്നു.
സ്റ്റേഡിയം നിറഞ്ഞ് എന്നും കാണികളുണ്ടാവും.നിശയുടെ ആ നിശ്ബദതയിലും തങ്ങളുടെ ഇഷ്ട ടീമുകൾക്കായി ചേരിതിരിഞ്ഞ് ആർപ്പുവിളികളുയരും.പരിസരവാസികൾക്കുപോലും നിദ്രാവിഹീനങ്ങളായ മുപ്പതു നാളുകൾ…!
നിലവിലെ ചാമ്പ്യൻമാരായി എത്തിയ മറഡോണയുടെ അർജന്റീനയെ അട്ടിമറിച്ചുകൊണ്ട് കാമറൂൺ തുടക്കമിട്ട തീപ്പോര് അതെ അർജന്റീനയെ തകർത്ത് പശ്ചിമ ജർമ്മനി കപ്പ് നേടുന്നതുവരെ എത്തിനിന്ന, മറക്കാൻ കഴിയാത്ത ആ മുപ്പത് നാളുകൾ​ !!
 അർജന്റീനയ്ക്കുവേണ്ടി ഗോയ്ക്കോഷ്യയുടെ കിടിലൻ സേവുകൾ.. റൂദ് ഗുള്ളിറ്റും മാർക്കോ വാൻബാസ്റ്റണും ഫ്രാങ്ക് റെയ്ക്കാർഡുമൊക്കെയുള്ള ഹോളണ്ടിനെ സമനിലയിൽ തളച്ച നവാഗതരായ ഈജിപ്തിന്റെ മാസ്മരിക പ്രകടനം…വിയാലിയും ബാജിയോയും ഉണ്ടായിട്ടും ഇറ്റലിക്കുവേണ്ടി പകരക്കാരന്റെ റോളിൽ ഇറങ്ങി ഗോളടിച്ചു കൂട്ടിയ ഷാൽവത്തോർ സ്കിലാച്ചി..സെമി ഫൈനൽ വരെ ഗോൾ വീഴാതെ ഗോൾവലയം കാത്ത ഇറ്റലിയുടെ തന്നെ വാൾട്ടർ സെംഗ..താരപുത്രനായി എത്തി ചീറ്റിപ്പോയ ബ്രസീലിന്റെ കരേക്ക… ആരും ചിന്തിക്കാൻപോലുഠ ഭയപ്പെടുന്ന രീതിയിൽ ഗോൾ പോസ്റ്റിന് മുമ്പിൽ സ്കോർപിയോൺ കിക്കുകൾക്ക് ശ്രമിക്കുന്ന കൊളംബിയയുടെ ഹിഗ്വിറ്റ.. അതിലുപരി റോജർമില്ലയുടെ ആ’കുണ്ടി കുലുക്കൽ’…തുടങ്ങി കാണികൾക്ക് വേണ്ടതെല്ലാം നിറച്ചതായിരുന്നു  ഇറ്റാലിയ’90.
 ആദ്യ കളി കഴിഞ്ഞ് രണ്ടാമത്തെ കളി തുടങ്ങുന്നതിനിടയിലാണ് കാപ്പി കുടി.കാരണവൻമ്മാർ ആ സമയം കഴിഞ്ഞ മത്സരത്തെപ്പറ്റി തലനാരിഴകൾ കീറിയുളള ചർച്ചയിലാവും.ആ തക്കം നോക്കി ഞങ്ങൾ വീടിന്റെ പിന്നാമ്പുറത്തേക്ക് വലിയും.അവിടെ നിന്ന് രണ്ട് ‘പൊഹ’യൊക്കെ എടുക്കും.നീട്ടി മുള്ളും.പിന്നെ വീണ്ടും സ്റ്റേഡിയത്തിലേക്ക്; അടുത്ത മത്സരത്തിനുള്ള ആർപ്പുവിളികളുമായി…
അവിടെയും ഇരുപക്ഷമായി തിരിഞ്ഞ് ഏറ്റുമുട്ടും.കഫം ചുറ്റിയ തൊണ്ടയിൽ നിന്നും കൂക്കിവിളികളുയരും.. എങ്കിലും എന്നും ഓഫ് സൈഡ് വിളിക്കാൻ ഒരു കാണി അവിടെയുണ്ടാവും.കാണികൾക്കിടയിലിരുന്ന് ബീഡി വലിക്കുക..മുറുക്കാൻ നീട്ടി തുപ്പുക..ഉറങ്ങുക..തുടങ്ങിയ ഫൗളുകളുമായി!
കളി കണ്ട് മടങ്ങുമ്പോൾ വെളുപ്പാൻകാലമായിരിക്കും-മൂന്ന് മൂന്നര! അപ്പോൾ മഴയുടെ കൊട്ടിപ്പാടലുകൾ ഉച്ചസ്ഥായിയിലായിരിക്കും.മഴ നനഞ്ഞ്, തണുത്തുവിറച്ചുള്ള മടക്കത്തിനിടയിലും മസ്തിഷ്കത്തിൽ കാൽപന്തുകളിയുടെ ആരവം മാത്രമാവും ഉണ്ടാവുക.എത്ര ലേറ്റായാലും ലേറ്റസ്റ്റായിതന്നെ കാലത്ത് എട്ടുമണിയുടെ വണ്ടിക്ക് കോളജിലേക്ക് പോകും.അല്ലെങ്കിൽ അതോടെ കളികാണൽ കഴിയും.പിന്നെ വീണ്ടും രാത്രിയിൽ..
അങ്ങനെ ഉറക്കമില്ലാത്ത മുപ്പതു നാളുകൾ..!
 USA’94 -ൽ കാണികൾ കുറച്ച് മാറിയിരിക്കാം.പക്ഷെ സ്റ്റേഡിയം അതുതന്നെയായിരുന്നു.ബ്രസീലിന്റെ റൊമാരിയോയും ഇറ്റലിയുടെ റോബർട്ടോ ബാജിയോയും തമ്മിലായിരുന്നു അന്നത്തെ പ്രധാന ഏറ്റുമുട്ടൽ.ടൈംബ്രേക്കർ വരെ നീണ്ടു പോയ ആ കളിയിൽ റോബർട്ടോ ബാജിയോയുടെ കിക്ക് ചന്ദ്രയാൻ തേടി പോയപ്പോൾ ബ്രസീൽ ചാമ്പ്യൻമാരായി.
98-ലാണ് ഞങ്ങളുടെ വായനശാലയിൽ പുതുതായി വാങ്ങിയ ടീവിയുടെ ചുവട്ടിലേക്ക്  കാണികൾ കൂടുമാറുന്നത്.
അന്നുമുതൽ ഇന്നുവരേക്കും ലോകകപ്പ് എനിക്കൊട്ടും രസകരമായി തോന്നിയിട്ടുമില്ല.ഫ്രാൻസ് -98 ലോകകപ്പ് ആയിരുന്നു അത്. അവരു തന്നെ ചാംപ്യൻമാരുമായി.
2002-ൽ ഏഷ്യയിൽ വച്ചായിരുന്നു ലോകകപ്പ്.ദക്ഷിണകൊറിയയും ജപ്പാനും സംയുക്തമായി സംഘടിപ്പിച്ച ആ ടൂർണ്ണമെന്റിലെ കളികൾ മിക്കതും  പകൽവെളിച്ചത്തിലായതിനാൽ ഒരുതരം മടുപ്പോടെയാണ് കണ്ടത്.ഗോൾപോസ്റ്റിന് കീഴിലെ ഗോളിയെപ്പോലെ ഏകനായി വീട്ടിൽ തന്നെ ഇരുന്ന്.അക്കൊല്ലം പശ്ചിമ ജർമ്മനിയായിരുന്നു വിജയികൾ.
 പിന്നെ 2006.ജർമ്മനിയിൽ വച്ച് നടന്ന മത്സരത്തിൽ സിനദെയ്ൻ സിദാന്റ കുപ്രസിദ്ധമായ തലകൊണ്ടുള്ള ഇടി ആയിരുന്നു ടൂർണ്ണമെന്റിലെ ഹൈലൈറ്റ്.ഇറ്റലി ചാമ്പ്യൻമാർ.
 2010.ദിസ് ടൈം ഫോർ ആഫ്രിക്ക. ‘വൊക്ക വൊക്കാ..’എന്ന ആ കിടിലൻ തീം സോങ്ങ് മറക്കാൻ പറ്റുമോ ? വുവുസോലയുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് സ്പെയിൻ ജേതാക്കളായി.
2014 ൽ  ബ്രസീലിലാണ് മത്സരങ്ങൾ നടന്നത്. ഫൈനലിൽ അർജന്റീനയെ 1-0 ത്തിനു തോൽപ്പിച്ച ജർമ്മനി ജേതാക്കളായി.
2018-റഷ്യ
ചാമ്പ്യൻമാരായി എത്തിയ ജർമ്മനിയുടെ ആദ്യഘട്ടത്തിലെ മടക്കവും ഫിഫ ലോകകപ്പിൽ താരതമ്യേന നവാഗതരായ ക്രൊയേഷ്യയുടെ ഫൈനൽ പ്രവേശനവും കൊണ്ട് ശ്രദ്ധേയമായ ലോകകപ്പ്.
ഇപ്പോഴിതാ ഏഷ്യയിലേക്ക് വീണ്ടും ലോകകപ്പ് എത്തിയിരിക്കുകയാണ്.
അതാകട്ടെ ആദ്യമായി ഒരു അറബി രാജ്യത്തും.(ജൂൺ- ജൂലൈ മാസങ്ങളിൽ നടക്കേണ്ട ലോകകപ്പ് പതിവിന് വിരുദ്ധമായി നവംബർ-ഡിസംബർ മാസത്തിലാണ് നടക്കുന്നത്)
വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തെക്കാൾ ചെറിയ ഖത്തർ എന്ന രാജ്യത്ത്.’പൊക്കമില്ലാത്തതാണ് എന്റെ പൊക്കം’ എന്നു പറഞ്ഞ കുഞ്ഞുണ്ണിമാഷിനെ പോലെ അവർ അത് ഭംഗിയുമാക്കി.എന്നാൽ പതിവ് ലോകകപ്പ് ശൈലിയിൽ നിന്നും വ്യത്യസ്തമായി കളികൾ പലതും വിരസമായിരുന്നു-ഇന്നലത്തെ സൗദി-അർജന്റീന മത്സരം ഒഴിച്ച്.
2-1 ന് കാൽപ്പന്തുകളിയുടെ മിശിഹയേയും കൂട്ടരെയും സൗദി അട്ടിമറിച്ചു.തുടർന്നും ഈ ഓട്ടം തുടരാൻ സൗദിക്കാവണമെന്നില്ല. ഈ തോൽവി അർജന്റീനക്ക് മുന്നോട്ടുള്ള വഴിയുടെ അന്ത്യവുമല്ല. പക്ഷെ ഇനിയെത്ര കളി തോറ്റാലും സൗദിക്ക് ഈ ജയവും എത്ര കളി ജയിച്ചാലും അർജന്റീനക്ക് ഈ തോൽവിയും മറക്കാനാവില്ല.1994 യുഎസ്എ ലോകകപ്പിൽ ബെൽജിയത്തിനെതിരെ  സൗദിയുടെ സയ്യിദ് ഒവൈരാൻ നേടിയ ആ ഗോൾ പോലെ!
ഒടുവിൽ ഡിസംബർ 18-ന് ആ പാച്ചിലും നിലയ്ക്കുമ്പോൾ ലോകം ഫുട്ബോളിലെ പുതിയൊരു ഉദയത്തിന് സാക്ഷികളായിട്ടുണ്ടാവും.ലോകഫുട്ബോളിലെ സൂര്യകിരീടം ലുസൈല്‍ സ്റ്റേഡിയത്തിലെ ആ പന്തിനെ കീഴടക്കിയവർ കൊണ്ടുപോകും.
ഏബ്രഹാം വറുഗീസ്

Back to top button
error: