കണ്ണൂരിൽ വനം വകുപ്പ് കയ്യേറിയ ഭൂമി തിരിച്ചു കിട്ടാനും കുരങ്ങ് ശല്യത്തിനുമെതിരെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കർഷകൻ്റെ ഭൂമി തിരിച്ചു നല്കി. കണിച്ചാർ പഞ്ചായത്ത് ഏലപ്പീടികയിലെ വെള്ളക്കല്ലുങ്കൽ സ്റ്റാൻലി ജോസഫിൻ്റെ ഭൂമിയാണ് വനം വകുപ്പ് തിരിച്ചു നല്കിയത്.
വർഷങ്ങൾക്ക് മുൻപാണ് സ്റ്റാൻലിയുടെ രണ്ടര ഏക്കർ കൃഷിഭൂമിയിയിൽ ജണ്ട കെട്ടി വനം വകുപ്പ് ഭൂമി കയ്യേറിയത്. ഇതിനെതിരെ സ്റ്റാൻലി ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. അധികൃതർ അവഗണന തുടർന്നതോടെയാണ് വ്യത്യസ്ത സമരവുമായി സ്റ്റാൻലി മാധ്യമ ശ്രദ്ധ നേടിയത്. കഴിഞ്ഞ മാസം 16ന് കാനിൽ പെട്രോളുമായി മരത്തിൽ കയറിയ സ്റ്റാൻലി ആത്മഹത്യാ ഭീഷണി മുഴക്കി.
സംഭവം ദൃശ്യമാധ്യമങ്ങളിൽ വാർത്തയായതോടെ കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻറണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ജിമ്മി എബ്രഹാം എന്നിവർ സ്ഥലത്തെത്തി ജില്ലാ കലക്ടർ ,ഡി. എഫ് .ഒ തുടങ്ങിയവരുമായി ഫോണിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രശ്നം പരിഹരിച്ചത്.ഭൂമി അളന്ന ശേഷം കയ്യേറ്റം കണ്ടെത്തിയാൽ തിരികെ സ്റ്റാൻലിക്ക് തിരിച്ച് നൽകുമെന്ന ഉറപ്പ് നല്കിയാണ് സ്റ്റാൻലിയെ ആത്മഹത്യ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.
ഒടുവിൽ വനം വകുപ്പ് കൈയേറിയ ഭൂമി, അതേ വനം വകുപ്പിനെ കൊണ്ട് തന്നെ അളന്ന് കയ്യേറ്റം കണ്ടെത്തി സ്റ്റാൻലി ജോസഫിന് തിരിച്ചു നൽകുകയായിരുന്നു.
ഇരിട്ടി ഭൂരേഖാ തഹസിൽദാർ എം. ലക്ഷ്മണൻ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് ഭൂമി അളന്ന് അതിർത്തി നിശ്ചയിച്ചത്. വനം വകുപ്പ് സ്ഥാപിച്ച ജണ്ട അടുത്ത ദിവസം തന്നെ പൊളിച്ചുനീക്കും.സ്റ്റാൻലിയുടെ മറ്റാവശ്യങ്ങൾ കണിച്ചാർ പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ നേരത്തെ തന്നെ പരിഹരിച്ചിരുന്നു.