KeralaNEWS

പുതിയ ഗ്രൂപ്പുണ്ടാക്കില്ല, ലക്ഷ്യം എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയം: നയം വ്യക്തമാക്കി തരൂര്‍

മലപ്പുറം: കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനില്ലെന്ന് ശശി തരൂര്‍ എം.പി. പാണക്കാട് സാദിഖലി തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സന്ദര്‍ശനത്തില്‍ അസാധാരണത്വമൊന്നുമില്ലെന്നും സാധാരണഗതിയില്‍ ഇവിടെ എത്തുമ്പോള്‍ സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.കെ രാഘവന്‍ എം.പിയോടൊപ്പമായിരുന്നു തരൂര്‍ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.

”രണ്ട് യു.ഡി.എഫ്. എം.പിമാര്‍ ഘടകകക്ഷിയുടെ നേതാക്കളെ കണ്ട് സംസാരിക്കുന്നതില്‍ അസാധാരണത്വമൊന്നുമില്ല. ചിലര്‍ പറയുന്നു ഗ്രൂപ്പുണ്ടാക്കുന്നു, വിഭാഗീയനീക്കമാണ് എന്നൊക്കെ. എന്നാല്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ഒരു സാധ്യതയും ഇല്ല, അതിനുള്ള താല്‍പര്യവുമില്ല. കോണ്‍ഗ്രസിനകത്ത് ‘എ’യും ‘ഐ’യും ഒക്കെ കൂടുതലാണ്. ‘ഒ’യും ‘ഇ’യുമൊന്നും വേണ്ട. അഥവാ ഒരു അക്ഷരമാണ് വേണ്ടതെങ്കില്‍ ‘യു’ആണ് വേണ്ടത്. യുണൈറ്റഡ് കോണ്‍ഗ്രസ് ആണ് ആവശ്യമുള്ളത്. ഞങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടിയും യു.ഡി.എഫിന് വേണ്ടിയും സ്വന്തം വിശ്വാസത്തിന് വേണ്ടിയും സംസാരിക്കുകയാണ്’- തരൂര്‍ പറഞ്ഞു.

ചെന്നൈയിലും മുംബൈയിലും ബംഗളൂരുവിലും നടന്ന ലീഗിന്റെ സൗഹാര്‍ദ്ദ സംഗമത്തെക്കുറിച്ച് നല്ല വാക്ക് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരേയും കൂട്ടിക്കൊണ്ടുവരുന്ന രാഷ്ട്രീയമാണ് അത്യാവശ്യം. അതാണ് എന്റെ വിശ്വാസം. അതിന്റെ അടയാളമായി ലീഗ് ഇത്തരത്തില്‍ ഒരു സംഗമം നടത്തിയത് വളരെ ഇഷ്ടപ്പെട്ടു. രാജ്യത്തിന് ഒരു സന്ദേശം കൊടുക്കണം. വര്‍ഗീയതയ്ക്ക് പകരം എല്ലാവരേയും കൂട്ടിക്കൊണ്ടുവന്ന് ഒരുമിച്ച് ഭാരതത്തിന്റെ ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കണം എന്ന വിശ്വാസം, അതാണ് അവരുടേയും ഞങ്ങളുടേയും. അതിന്റെ സൗഹാര്‍ദ്ദത്തിലാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത”, തരൂര്‍ പറഞ്ഞു.

പാണക്കാട് സന്ദര്‍ശനം പതിവുള്ളതാണെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയാകുമോ എന്ന ചോദ്യത്തിന് ‘എല്ലാവരും കൂടി കാണുമ്പോള്‍ വേറെന്തെങ്കിലുമാണോ സംസാരിക്കുക? പിന്നെ വേണമെങ്കില്‍ ഖത്തര്‍ ഫുട്‌ബോള്‍ സംസാരിക്കാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിശദമായ രാഷ്ട്രീയ ചര്‍ച്ച പാണക്കാട് നടന്നതെന്നാണ് വിവരം. മുസ്ലിം ലീഗുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് ശശി തരൂര്‍. പി.വി. അബ്ദുല്‍ വഹാബ്, പി.എം.എ. സലാം ഉള്‍പ്പെടെയുള്ള നേതാക്കളും പാണക്കാട് എത്തിയിരുന്നു.

 

 

Back to top button
error: