തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. പക്ഷേ ഏതാനും നാളുകൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. വൻ തോതിലുള്ള ട്രോളിനാണ് ടീസർ കാരണമാത്. കാർട്ടൂൺ ലെവലിലുള്ള വിഎഫ്എക്സും ട്രോളുകൾക്കും വിവാദങ്ങൾക്കും ഇടയാക്കി. ഈ അവസരത്തിൽ ആദിപുരുഷിനെ കുറിച്ച് നടി കൃതി സനോണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘ആദിപുരുഷ്’ ചരിത്രത്തിന്റെ ഭാഗമാണെന്ന് കൃതി സനോണ്‍ പറയുന്നു. ഗംഭീര ക്യാന്‍വാസിലുള്ള വമ്പന്‍ സിനിമയാണ് ആദിപുരുഷ് എന്നും എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നും നടി പറഞ്ഞു. ആദിപുരുഷില്‍ സീതയായി എത്തുന്നത് കൃതിയാണ്.
‘നമ്മുടെ സംവിധായകൻ ഓം റാവത്ത് സൂചിപ്പിച്ചത് പോലെ. നമുക്കെല്ലാവർക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമയാണിത്. ഒരു ഗംഭീര ക്യാൻവാസിൽ ഉള്ള സിനിമയാണ്. അത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഒരു മിനിറ്റും 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങി. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചിത്രത്തിന് ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നു. അതിന് സമയം ആവശ്യമാണ്, ഞങ്ങള്‍ എല്ലാവരും മികച്ച സിനിമ അനുഭവം നല്‍കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ അവസരമാണ് ഇത്. നമ്മുടെ ചരിത്രം അറിയാനും മതത്തെ ആഗോളതലത്തില്‍ എത്തിക്കാനുമുള്ള അവസരമാണ് ഈ സിനിമ. നമ്മുക്ക് അഭിമാനിക്കാവുന്ന ഒരു കഥയാണിത്. അതിനാല്‍ ഇത് ഏറ്റവും മികച്ച രീതിയില്‍ ചെയ്യേണ്ടതുണ്ട്’ എന്നും കൃതി പറയുന്നു.
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ശ്രീരാമനായി പ്രഭാസ് എത്തിയപ്പോൾ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിട്ടു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. 500 കോടിയാണ് ആദിപുരുഷിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്. 2023 ജൂൺ 16ന് ആകും ചിത്രം തിയറ്ററുകളിൽ എത്തുക. അടുത്ത വർഷം ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു.