കണ്ണൂർ:മലബാറിൽ നിന്ന് തെക്കൻ കേരളത്തിലേക്ക് ഉള്ള എല്ലാ തീവണ്ടികളും മിനിമം രണ്ടാഴ്ച മുൻപേ എങ്കിലും റിസർവേഷൻ വെയിറ്റിങ് ലിസ്റ്റ് ആവുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്.
മലബാറിൽ നിന്ന് ബാംഗ്ലൂർ റൂട്ടിലേക്ക് ആണെങ്കിൽ ഇത് ഒരു മാസം മുൻപേ വെയിറ്റിങ് ആകും…
റെയിൽവേ ഇപ്പോൾ പണ്ടത്തെ പോലെ അല്ല. വലിയ അളവിൽ അവർ ഡിജിറ്റൈസ്ഡ് ആണ്. ഒരുപാട് തത്സമയ, പൂർവകാല ഡേറ്റ പലകാര്യങ്ങളിലും അവരുടെ പക്കൽ ഉണ്ട്. എന്നിട്ടും ഈ ഒരു “പൊതുജനങ്ങളുടെ വർധിച്ച യാത്രാ ആവശ്യം” എന്ന കാര്യം അവരുടെ പുകൾപെറ്റ ഡേറ്റാ അനലിറ്റിക്‌സ് സംവിധാനങ്ങളുടെ ഒന്നും ശ്രദ്ധ പിടിച്ചു പറ്റാത്തത് എന്ത് കൊണ്ട് ആണ് ??
ഈ ഒരു ഡേറ്റയുടെ അടിസ്ഥാനത്തിലും പൊതു ജനങ്ങളുടെ ആവശ്യത്തിന് മേലെയും തിരക്കേറിയ റൂട്ടുകളിൽ ഒക്കെ തിരക്ക് കുറക്കാൻ സ്‌പെഷ്യൽ വണ്ടി ഓടിക്കുന്ന ഒരു പതിവ് റെയിൽ ബജറ്റ് ഒഴിവാക്കിയ ശേഷം റെയിൽവേ ബോർഡ് പിന്തുടരുന്നുണ്ട്.
ഈ ഒരു പതിവ് എന്ത് കൊണ്ടാണ് പല സെക്ഷനിലും 100 കി മീ മേൽ വേഗത കൈവരിക്കാൻ പോന്ന ഇരട്ടവരി വൈദ്യുതീകരിച്ച പാതയായ ഷൊർണ്ണൂർ – മംഗളൂരു പാത കടന്നു പോകുന്ന മലബാറിൽ ഇല്ലാത്തത്??
ഓണം, ക്രിസ്മസ്, ദീപാവലി, വിഷു, പൊങ്കൽ പോലുള്ള ഒരു വിശേഷ സാഹചര്യത്തിലും എറണാകുളത്തേക്കും, കൊച്ചുവേളിയിലേക്കും ഓടിക്കുന്നത് പോലെ മംഗലാപുരം ജംക്ഷനിലേക്കോ, കണ്ണൂരിലേക്കോ, കോഴിക്കോട്ടേക്കോ ഒന്നും ദീർഘ ദൂര വണ്ടികൾ പാലക്കാടൻ ചുരം കടന്ന് ഓടി വരാത്തത് എന്ത് കൊണ്ടാണ് ??
നിലവിലത്തെ സാഹചര്യത്തിൽ ശബരിമല തീർത്ഥാടന കാലം എങ്കിലും പരിഗണിച്ചു ദക്ഷിണ റെയിൽവേക്ക് വേണമെങ്കിൽ ഒരു മംഗളൂരു – കൊല്ലം ശബരിമല പകൽ, രാത്രി സ്‌പെഷ്യൽ വണ്ടി ഓടിക്കാവുന്നതാണ്. അത് പോലെ ക്രിസ്മസ് പുതുവത്സര സീസൺ കണക്കിലെടുത്ത് ബാനസവാടി – കണ്ണൂർ/മംഗളൂരു സ്‌പെഷ്യൽ വണ്ടിയും ഓടിക്കാവുന്നതാണ്…
ട്രെയിനിൽ വരുന്ന അയ്യപ്പന്മാർ ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും മാത്രമല്ല മലബാറിൽ നിന്നും കൂടി ഉണ്ടെന്ന കാര്യം ദക്ഷിണ റെയിൽവേ അറിയാതെ പോകുന്നത് വളരെ വിചിത്രമാണ്. ശബരിമല തീർത്ഥാടന കാലത്ത് അന്യ സംസ്ഥാനത്ത് നിന്നും വരുന്നവർ ഗുരുവായൂർ, ചോറ്റാനിക്കര, തിരുവനന്തപുരം, പോലുള്ള മറ്റ് ക്ഷേത്രങ്ങളും സന്ദർശിക്കുന്നുണ്ട് ഇവരിൽ ഒരു വിഭാഗം ചെങ്ങന്നൂർ നിന്ന് തൃശ്ശൂർ , തിരുവനന്തപുരം തീവണ്ടികളെ ഭാഗത്തേക്കുള്ള തീവണ്ടികളെ വലിയ രീതിയിൽ ആശ്രയിക്കുന്നുമുണ്ട്.
അത് പോലെ തന്നെ അവധികാലത്ത് ചെന്നൈ ബംഗളൂരു നഗരങ്ങളിൽ നിന്ന് നാട്ടിലേക്ക് ട്രെയിൻ വഴി യാത്ര ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷം കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് എന്നിട്ട് പോലും ഒരൊറ്റ സ്‌പെഷ്യൽ വണ്ടി പോലും ഈ ഭാഗത്തേക്ക് വരാറില്ല.
ഇതിന് ഒരു മാറ്റം വേണം. മലബാറിന്റെ യാത്രാക്ലേശത്തിനു അർഹിക്കുന്ന പരിഗണന ലഭിക്കണം.
ബാബു മോൻ,പുത്തൻപാടം