ബരേയ്‍ലി: ടിക്കറ്റ് സംബന്ധിച്ച തർക്കത്തെ തുടർന്ന് പട്ടാളക്കാരനെ ഓടുന്ന ട്രെയിനിൽ നിന്ന് ടി.ടി.ഇ പുറത്തേക്ക് തള്ളിയിട്ടു.വീഴ്ചയിൽ ട്രെയിനിന്റെ അടിയിൽപ്പെട്ട പട്ടാളക്കാരന്റെ കാലുകൾ അറ്റുപോയി.
യു.പിയിലെ ബരേയ്‍ലി റെയിൽവേസ്റേറഷന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. ദിബ്രുഗഡ്- ന്യൂഡൽഹി രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത സോനു എന്ന പട്ടാളക്കാരനാണ് ദുരനുഭവമുണ്ടായത്.
ടിക്കറ്റ് പരിശോധകനായ സുപൻ ബോറെയാണ് സംഭവത്തിൽ പ്രതി. ടിക്കറ്റ് സംബന്ധിച്ച് സോനുവും ബോറെയും തമ്മിൽ തർക്കമുണ്ടാവുകയും ദേഷ്യം മൂത്ത ബോറെ സോനുവിനെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളുകയുമായിരുന്നു. ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സോനു ട്രെയിനിനടിയിൽ പെട്ടതാണ് കാലുകൾ അറ്റുപോകാൻ കാരണം.
സംഭവത്തിൽ ടി.ടി.ഇക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണ്.