ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നില്‍ നിര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫിന്റെ രാജ്ഭവന്‍ പ്രതിരോധ മാര്‍ച്ച് അക്ഷരാർത്ഥത്തിൽ നഗരത്തെ നിശ്ചലമാക്കി.
മാര്‍ച്ച് തുടങ്ങും മുന്‍പേ രാജ്ഭവനിലെ ഭൂരിപക്ഷം ജീവനക്കാരും ജോലിക്കെത്തിയിരുന്നു. രാജ്ഭവനു ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിരോധ മാര്‍ച്ച്. മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ തുടങ്ങി ഇടതുമുന്നണിയുടെ ഉന്നത നേതാക്കളെല്ലാം പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഡിഎംകെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കുന്നുണ്ട്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രകടനത്തില്‍ പങ്കെടുക്കേണ്ട എന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. രാജ്ഭവന്‍ വളയല്‍ സമരം നടക്കവെ ഗവർണർ സ്ഥലത്തില്ല എന്നതാണ് ശ്രദ്ധേയം. ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ തുടരുകയാണ്.
രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് യെചൂരി കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ മാത്രമുള്ള സാഹചര്യമല്ല. തമിഴ്‌നാട്ടിലും ബംഗാളിലും ഇതേ സാഹചര്യമാണ്. നേരത്തെ മഹാരാഷ്ട്രയിലും സമാന സാഹചര്യമായിരുന്നു. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍പെട്ട വിഷയമാണ്. അതില്‍ എന്ത് നിയമമുണ്ടാക്കണമെങ്കിലും സംസ്ഥാനങ്ങളുമായി ചര്‍ച ചെയ്താണ് തീരുമാനിക്കേണ്ടത്. അത് പാര്‍ലമെന്റ് അംഗീകരിച്ചതാണെന്നും യെച്ചൂരി പറഞ്ഞു.
30 വര്‍ഷവുമായി ആരിഫ് മുഹമ്മദ് ഖാനുമായി ബന്ധമുണ്ട്. എന്നാല്‍ വ്യക്തിപരമായല്ല, നയപരമായ വിയോജിപ്പാണ് ഗവര്‍ണറുമായുള്ളത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികച്ച നിലയിൽ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നോട്ട് പോയി. അതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഇടതുപക്ഷ സര്‍കാരാണ്. കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടത്തെ അട്ടിമറിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
പ്രകടനത്തിന്റെ പേരില്‍ രാജ്ഭവന്‍ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ 600 പൊലീസുകാരെ വിന്യസിച്ചു എന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
ഇതിനിടെ ഇടതുമുന്നണിയുടെ ഗവർണർ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹർജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമർശിച്ചു. രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി ആരാഞ്ഞു. മാർച്ച് തടയാൻ ആകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ നൽകിയ പരാതി പരിഗണിക്കാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.