KeralaNEWS

രണ്ടു തേജസ്വികൾ കണ്ടുമുട്ടി, ആ ചരിത്ര കൂടിക്കാഴ്ചക്ക് ഇന്ന് 100 വയസ്

    ശ്രീനാരായണഗുരുദേവനും, മഹാകവി രവീന്ദ്രനാഥ ടാഗോറും ശിവഗിരിയില്‍വെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ട് ഇന്ന് നൂറ് വര്‍ഷം.
1922 നവംബര്‍ 15… അന്നായിരുന്നു ആ ചരിത്ര നിമിഷം.

കാലം കാത്തുവച്ച ഒരു സമാഗമമായിരുന്നു അത്. ആ നിശ്ചയത്തിനു മുന്നിൽ പ്രകൃതി പോലും വഴിയൊരുക്കിക്കൊടുത്തു. മൂന്നു ദിവസമായി ഇടവതടവില്ലാതെ പെയ്തിരുന്ന മഴ മാറി ആകാശം തെളിഞ്ഞു.
ശിവഗിരിക്കുന്നിന്റെ ഉച്ചിയിൽ പടിഞ്ഞാറേക്കു ദർശനമായുള്ള വൈദികമഠത്തിന്റെ മുറ്റത്തേക്കു സായാഹ്നസൂര്യൻ സ്വർണവെളിച്ചം വിതറി. ഗുരുവിന്റെ മുറിയുടെ വാതിൽ ചാരിയിട്ടിരിക്കുകയാണ്. സന്ധ്യാപ്രാർഥനയ്ക്ക് ഇനിയും നേരമുണ്ട്. അതുവരെ ഗുരു ധ്യാനത്തിലും വിശ്രമത്തിലുമാണ്.

ശിഷ്യരായ കവി കുമാരനാശാനും ഡോ.പൽപുവും സ്വാമി ശിവപ്രസാദും നടരാജഗുരുവും മറ്റു സ്വാമിമാരും ഗുരുദേവൻ മുറിക്കു പുറത്തുവരുന്നതും കാത്ത് വൈദികമഠത്തിനു മുന്നിൽ നിൽക്കുന്നു. ഗുരുവിനെ അവർക്ക് ഒരടിയന്തര വിവരം അറിയിക്കണം. ഗുരുദേവ് രവീന്ദ്രനാഥ ടഗോറിന്റെ പേരിലുള്ള കമ്പി സന്ദേശം ആശ്രമത്തിൽ എത്തിയിരിക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹം ഗുരുസവിധത്തിലെത്തും എന്നാണു വിവരം. ടഗോർ വരുന്ന കാര്യം ഗുരുവിനെ നേരത്തേ അറിയിച്ചിരുന്നതാണ്. പക്ഷേ, എപ്പോഴെത്തും എന്ന് നിശ്ചയമുണ്ടായിരുന്നില്ല. ഉച്ചയ്ക്കു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ടഗോർ ആറ്റിങ്ങലിൽ മുസാവരി ബംഗ്ലാവിൽ വിശ്രമത്തിലായിരുന്നു അപ്പോൾ.

മഹാകവിയുടെ സന്ദർശനം പ്രമാണിച്ച് ശിവഗിരിയിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരുന്നു. വിശ്വഭാരതി സർലകലാശാലയുടെ പ്രവർത്തനത്തിനുള്ള ധനശേഖരണാർഥമാണ് ടഗോർ തിരുവനന്തപുരത്ത് എത്തിയത്. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ വരവ്. ശിവഗിരിയും സന്ദർശിക്കണമെന്നാവശ്യപ്പെട്ട് ബ്രഹ്മസമാജത്തിന്റെ കേരള ഘടകം സെക്രട്ടറിയായിരുന്ന സ്വാമി ശിവപ്രസാദും ഡോ.പൽപുവും ടഗോറിന് കത്തെഴുതിയിരുന്നു.

‘ഗുരുദേവ് ടഗോർ താമസിയാതെ എത്തിച്ചേരും. ഗുരുവിനെ ഇക്കാര്യം അറിയിക്കാൻ എന്താണു മാർഗം?’ ഡോ.പൽപു വൈദികമഠത്തിന് മുന്നിൽ നിന്ന് ആരോടെന്നില്ലാതെ ചോദിച്ചു.
‘സ്വാമി തൃപ്പാദങ്ങൾ എല്ലാം അറിഞ്ഞുകൊണ്ടാണ് ഇരിക്കുന്നത്’ കുമാരനാശാൻ മറുപടി പറഞ്ഞു.
മഹാകവിയും സംഘവും എത്തിച്ചേരുന്നു. ആനയും അമ്പാരിയും മേളവുമൊക്കെയുണ്ട്. ആറ്റിങ്ങലിൽ നിന്നു വഴിനീളെ സ്വീകരണമേറ്റുവാങ്ങിയാണു ടഗോർ എത്തുന്നത്. അലങ്കരിച്ച പല്ലക്കിലാണ് ടഗോറുള്ളത്. വീഥിയുടെ ഇരുവശത്തും വലിയ പുരുഷാരം. ടഗോറിനൊപ്പം, മകൻ യതീന്ദ്രനാഥ ടഗോർ, മരുമകൾ പ്രോതിമ, അദ്ദേഹത്തിന്റെ സെക്രട്ടറിയും അനുചരനുമായ ദീനബന്ധു
സി.എഫ്.ആൻഡ്രൂസ് എന്നിവരുണ്ട്. ശാരദാമഠത്തിനു മുന്നിലെ അശോകമരത്തിന്റെ ചുവട്ടിൽ ടഗോർ തന്റെ ബൂട്ടുകൾ അഴിച്ചുവച്ചു. കുമാരനാശാനും ഡോ.പൽപുവും ടഗോറിനെ സ്വീകരിച്ചു.

അവർണവിഭാഗക്കാരെന്നു മുദ്രകുത്തി മാറ്റിനിർത്തപ്പെട്ട സമൂഹത്തിൽ നിന്നുള്ള കുട്ടികളാണു പൂജ ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ ടഗോറിന് അദ്ഭുതമായി.

രവീന്ദ്രനാഥ ടഗോർ പർണശാലയുടെ വാതിൽക്കലെത്തിയ നിമിഷം തന്നെ അകത്തു ധ്യാനത്തിലാഴ്ന്നിരുന്ന ഗുരുദേവൻ വാതിൽ തുറന്നു പുറത്തുവന്നു. കൽക്കട്ടയിൽ നിന്നെത്തിയ ഗുരുദേവും കേരളത്തിന്റെ ഗുരുദേവനും തമ്മിൽ കണ്ടുമുട്ടി.


ടഗോർ കൈകൂപ്പി മന്ത്രിച്ചു : ‘Oh Great Saint’
പാദത്തിനു മുകളിൽ നിൽക്കുന്ന വെളുത്ത ഒറ്റമുണ്ടും അതേയിനം മേൽപ്പുതപ്പുമായിരുന്നു ഗുരുവിന്റെ വേഷം. ദീർഘകായനായ ടഗോർ പാദം വരെ നീണ്ടു കിടക്കുന്ന മേലങ്കിയാണണിഞ്ഞിരുന്നത്. നെഞ്ചിൽ വരെ പടർന്നു കിടക്കുന്ന നര വീണ താടി.
വൈദികമഠത്തിന്റെ വരാന്തയിൽ മെത്ത തടുക്കുകൾ വിരിച്ചു. പരസ്പരം പുഞ്ചിരിച്ചുകൊണ്ടു ടഗോറും ഗുരുവും അതിന്മേലിരുന്നു.
‘സംസ്കൃതത്തിലോ ആംഗലേയത്തിലോ ആകാമല്ലോ സംഭാഷണം’ ഗുരു പറഞ്ഞു.

ടഗോറിനു ബംഗാളി കലർന്ന സംസ്കൃതമേ അറിയൂ. ബംഗാളിൽ ഉപരിപഠനം നടത്തിയ കുമാരനാശാന് അവിടത്തെ ഭാഷ അറിയാം. ഡോ.പൽപുവിന് ഇംഗ്ലീഷും.
ടഗോർ പറഞ്ഞു:
‘അങ്ങയെ ദർശിച്ചതോടു കൂടി എന്റെ ഹൃദയത്തിന് ഒരു മാറ്റമുണ്ടായിരിക്കുന്നതു പോലെ ’
ഗുരു മന്ദഹസിച്ചതേയുള്ളൂ. ടഗോർ തുടർന്നു:
‘മതത്തിന്റെ പേരിൽ ഭിന്നാഭിപ്രായങ്ങളുമായി മനുഷ്യരെ വേർതിരിക്കുന്നത് അനീതിയാണ്. എല്ലാ മതങ്ങളും ഈശ്വരസാക്ഷാത്കാരത്തിനു വേണ്ടിയുള്ളതാണ്. താഴെത്തട്ടിലേക്കു മാറ്റി നിർത്തപ്പെട്ടവർക്കു വേണ്ടി അങ്ങു നടത്തുന്ന സേവനങ്ങളെപ്പറ്റി അറിയാം. അതിൽ എനിക്കു വലിയ ആദരവും സന്തോഷവുമാണുള്ളത്. ഗുരുവിനോടു ശിഷ്യരുടെയും ഭക്തരുടെയും മാത്രമല്ല എല്ലാ സാമാന്യജനങ്ങൾക്കുമുള്ള ആദരവും ഭക്തിയും നേരിട്ടു ബോധ്യമായി. അങ്ങ് ഏറെ പ്രവർത്തിച്ചിരിക്കുന്നു. കേരളം ഇന്നു ഭ്രാന്താലയമല്ല. ആരാധനാലയമാണ്. രാജ്യത്തിന് ഇവിടം മാതൃകയാണ്.’
ഗുരുവിന്റെ മറുപടി ഒരു ചെറുവാക്യത്തിലൊതുങ്ങി:
‘അതു പറയത്തക്കവിധം ഞാൻ ഒന്നും പ്രവർത്തിച്ചിട്ടില്ലല്ലോ !’

തെങ്ങിന്റെ പൊങ്ങ്, കാമ്പ്, കടച്ചക്ക, കശുവണ്ടി എന്നിവയാണു ശാരദമഠത്തിൽ നിന്നു ടഗോറിനു നൽകിയത്. കുടിക്കാൻ കരിക്കും. ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഇതുപോലെ രുചികരമായ ലഘുഭക്ഷണം കഴിച്ചിട്ടില്ലെന്നു ടഗോർ പറഞ്ഞു.

ഗുരുവിനോടു യാത്ര പറയാൻ നേരമായി. ശിവഗിരിയിലെ സന്ദർശനപുസ്തകത്തിൽ ടഗോർ ഇംഗ്ലീഷിൽ കുറിച്ചു. അതിന്റെ മലയാള പരിഭാഷ ഇങ്ങനെ:
‘ഞാൻ ലോകത്തിന്റെ പല ഭാഗത്തും സഞ്ചരിച്ചു വരികയാണ്. ഇതിനിടയിൽ പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടു. എന്നാൽ ശ്രീനാരായണഗുരുവിനെക്കാൾ മികച്ചതോ അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും തന്നെ കണ്ടില്ല. അനന്തതയിലേക്കു നീളുന്ന അദ്ദേഹത്തിന്റെ യോഗനയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖ തേജസ്സും മറ്റു വൈശിഷ്ട്യങ്ങളും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല.’

സി.എഫ്.ആൻഡ്രൂസും ആ കൂടിക്കാഴ്ചയെപ്പറ്റി സന്ദർശനപ്പുസ്തകത്തിലെഴുതി :
‘ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ആ ചൈതന്യമൂർത്തി ഭാരതത്തിന്റെ തേക്കേയറ്റത്തു വിജയിച്ചരുളുന്ന ശ്രീനാരാണഗുരുസ്വാമികളാണ്.’

ആശ്രമത്തിൽ നിന്ന് ഇറങ്ങുന്ന നേരം ടഗോർ ശ്രീനാരായണ ഗുരുവിന്റെ കൈകൾ ചേർത്തുപിടിച്ചു ചുംബിച്ചു. ശിവഗിരിയിൽ നിന്ന് കൊല്ലത്തേക്കാണ് അവർ പോയത്.

രവീന്ദ്രനാഥ ടാഗോറിന്റെയും ശ്രീനാരായണഗുരുവിന്റെയും കൂടിക്കാഴ്ചയ്ക്ക് നൂറ് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ ശിവഗിരിയില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Back to top button
error: