കല്‍പ്പറ്റ: രണ്ട് കുടുംബങ്ങളുടെ ജീവിത മാര്‍ഗ്ഗമായിരുന്ന ഏഴ് ആടുകളെ ഒറ്റദിവസം വകവരുത്തിയ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആടുകളുടെ ജഡങ്ങളുമായി നാട്ടുകാര്‍ വയനാട്ടില്‍ രണ്ടിടത്ത് റോഡ് ഉപരോധിച്ചു. പൂതാടി പഞ്ചായത്തിലെ സി സി യിലും മീനങ്ങാടി പഞ്ചായത്തിലുമായി ഏഴ് ആടുകളെയാണ് ഞായറാഴ്ച പുലര്‍ച്ചെ കടുവ കൊന്നത്. കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്സിയുടെ നാലും ആവയല്‍ പുത്തന്‍പുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ നിരന്തരമുള്ള ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ പ്രകടനമായെത്തി ബീനാച്ചി-പനമരം റോഡിലെ സി സിയിലും, കൊളഗപ്പാറയിലൂടെ കടന്നുപോകുന്ന കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയുമാണ് ഉപരോധിച്ചത്.
ഞായറാഴ്ച കൊലപ്പെടുത്തിയവ അടക്കം ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ 18 ആടുകള്‍ കൊല്ലപ്പെട്ടതോടെയാണ് റോഡ് ഉപരോധമടക്കമുള്ള പ്രത്യക്ഷ സമരമാര്‍ഗ്ഗങ്ങളിലേക്ക് നാട്ടുകാര്‍ കടന്നിരിക്കുന്നത്. അതിനിടെ കഴിഞ്ഞദിവസവും പഞ്ചായത്തിലെ യൂക്കാലി കവലയില്‍ കടുവയുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ കൊല്ലപ്പെട്ടിരുന്നു. സുല്‍ത്താന്‍ബത്തേരി ചീരാലില്‍ മാസങ്ങളോളം ജനവാസകേന്ദ്രത്തില്‍ ഭീതി പരത്തിയ കടുവയെ വനം വകുപ്പ് പിടികൂടിയിരുന്നു. തൊട്ടടുത്ത മീനങ്ങാടി പഞ്ചായത്തിലും കടുവാ ഭീതിയേറിയതോടെ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാക്കിയ ജനങ്ങള്‍ കടുവയെ ഉടന്‍ മയക്കുവെടിവെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ വിവിധയിടങ്ങളില്‍ കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നും മയക്കു വെടി വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പട്രോളിംഗ് നടത്തുന്നുണ്ടെന്നുമാണ് വനംവകുപ്പ് പറയുന്നത്.
വൈകാതെ തന്നെ ആക്രമണകാരിയായ കടുവയെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. പ്രതിഷേധമറിഞ്ഞ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പ്രദേശ വാസികളുടെ തീരുമാനം.