IndiaNEWS

തെലങ്കാനയില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട് കോണ്‍ഗ്രസ്; ബിജെപിയെ മലര്‍ത്തിയടിച്ച് ടിആര്‍എസ്

ഹൈദരാബാദ്: തെലങ്കാനയിലെ മുനുകോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തില്‍ ബിജെപിയെ പരാജയപ്പെടുത്തി തെലങ്കാന രാഷ്ട്രസമിതി. ബിജെപിയുടെ കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയെ പതിനായിരത്തിന് മുകളില്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ടിആര്‍എസിന്‍റെ കൂസുകുന്ത്‍ല പ്രഭാകർ റെഡ്ഡി വിജയം നേടിയത്. ആവേശകരമായ മത്സരത്തില്‍ അഭിമാന വിജയമാണ് ടിആര്‍എസ് സ്വന്തമാക്കിയിട്ടുള്ളത്.

സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോലും നഷ്ടമായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നേടിയിരിക്കുന്നത്. മൂന്ന് മണ്ഡലങ്ങള്‍ നിലനിര്‍ത്തിയ ബിജെപി ഒന്ന് പിടിച്ചെടുക്കയും ചെയ്തു. ബിഹാറിലെ ഗോപാല്‍ ഗഞ്ച് , ഒഡീഷയിലെ ധം നഗര്‍, ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥ് മണ്ഡലങ്ങളാണ് ബിജെപി നിലനിര്‍ത്തിയത്.

Signature-ad

ആര്‍ജെഡിയുമായി ചേര്‍ന്ന് ജെഡിയു സര്‍ക്കാര്‍ രൂപീകരിച്ച ബിഹാറിലെ ഗോപാല്‍ ഗഞ്ച് മണ്ഡലത്തിലെ വിജയം ബിജെപിക്ക് മധുരപ്രതികരമായി. ഇഞ്ചോടിഞ്ച് മത്സരത്തില്‍ 1789 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി കുസംദേവി വിജയിച്ചത്. ബിഹാറിലെ തന്നെ മൊകാമ മണ്ഡലം നിലനിര്‍ത്താനായത് ആര്‍ജെഡിക്ക് ആശ്വാസമായി. ഒഡീഷയിലെ ധംനഗര്‍, ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥ് മണ്ഡലങ്ങളില്‍ എല്ലാ ഘട്ടങ്ങളിലും ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തി.

ഹരിയാനയിലെ കോണ്‍ഗ്രസ് മണ്ഡലമായ അദംപൂര്‍ ഒപ്പം ചേര്‍ക്കാനായതും ബിജെപിക്ക് നേട്ടമായി. ബിജെപിയില്‍ ചേര്‍ന്ന സിറ്റിംഗ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയിയുടെ മകന്‍ ഭവ്യ ബിഷ്ണോയ് 15, 714 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മഹാരാഷ്ട്രയില്‍ അന്ധേരി ഈസ്റ്റ് മണ്ഡലം നിലനിര്‍ത്താനായത് ശിവസേന ഉദ്ധവ് പക്ഷത്തിന് ആശ്വാസമായി. സിറ്റിഗ് എംഎല്‍എ രമേഷ് ലട്കേ മരിച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ റിതുജ ലട്കേ 64,678 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിന്നിലുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി 1600നടുത്ത് വരെ വോട്ട് കിട്ടിയപ്പോള്‍ 12806 വോട്ടുകള്‍ നോട്ട ഇവിടെ പെട്ടിയിലാക്കി. തെലങ്കാനയിലെ മുനുകോഡ് മണ്ഡലത്തില്‍ അവസാനം വരെ സസ്പെന്‍സ് നിലനിന്നപ്പോള്‍ ടിആര്‍എസ് ഒടുവില്‍ വിജയിച്ച് കയറുകയായിരുന്നു. മുനുകോഡിലെ ഫലം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞടെുപ്പില്‍ ബിജെപിക്കും ടിആര്‍എസിനും ഒരു പോലെ നിര്‍ണ്ണായകമായിരുന്നു. ടിആര്‍എസ് വിജയിച്ചതോടെ ബിജെപിയുടെ മിഷന്‍ സൗത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഓപ്പറേഷന്‍ കമലം ആരോപണത്തിനുള്ള മറുപടിയും പാര്‍ട്ടി ഇനി കണ്ടെത്തേണ്ടി വരും.

ജോഡോ യാത്രയ്ക്കിടെ തെലങ്കാനയില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണവും കോണ്‍ഗ്രസിനെ തുണച്ചില്ല. കോണ്‍ഗ്രസിന്‍റെയും ടിആര്‍എസിന്‍റെയും ശക്തികേന്ദ്രമായ മണ്ഡലത്തില്‍ ബിജെപിയുടെ ശക്തമായ തിരിച്ചുവരവാണിത്. ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ് വിവാദം അടക്കം ഉപതെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായിരുന്നു. കെ രാജഗോപാല്‍ റെഡ്ഢി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് മുനുഗോഡയില്‍ കളമൊരുങ്ങിയത്.

Back to top button
error: