കണ്ണൂര്‍: തലശ്ശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇയാള്‍ക്കെതിരേ വധശ്രമത്തിനാണ് കേസ് എടുത്തത്. കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ഡി.ഐ.ജി വ്യക്തമാക്കി. ക്രൂരതയില്‍ പോലീസിനോട് വ്യക്തത തേടുമെന്ന് ബാലാവകാശ കമ്മിഷനും പ്രതികരിച്ചു.
കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മര്‍ദനമേറ്റത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം, ശ്ഹ്ഷാദിന്റെ കാര്‍ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം. കൗതുകം തോന്നി വെറുതെ കാറില്‍ ചാരി നില്‍ക്കുകയായിരുന്നു കുട്ടി. നടുവിനു ചവിട്ടേറ്റ് കുട്ടി തെറിച്ചുപോകുന്നതു ദൃശ്യങ്ങളില്‍നിന്നു കാണാം. സംഭവം കണ്ട് നാട്ടുകാര്‍ ഇടപെട്ടിരുന്നു. ഒരു അഭിഭാഷകനാണ് ഇക്കാര്യം പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചത്. അതേസമയം, സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ പ്രതിയെ ഇന്നലെ രാത്രി തന്നെ പോലീസ് വിട്ടയിച്ചത് വ്യാപക വിമര്‍ശനത്തിന് വഴിതെളിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.