KeralaNEWS

തൊഴിൽവകുപ്പിന്റെ ഇടപെടൽ; ബൈജൂസിന്റെ തിരുവനന്തപുരത്തെ ഓഫീസ് പ്രവർത്തനം തുടരും

ബൈജൂസ് ആപ്പിന്റെ തിരുവനന്തപുരം ടെക്‌നോപാർക്കിലെ പ്രവർത്തനം തുടരുമെന്ന് മാനേജ്‌മെ്ന്റ് അറിയിച്ചു.തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം ലേബർ കമ്മിഷണർ ഡോ കെ വാസുകി വിളിച്ചുചേർത്ത ബൈജൂസ് ആപ്പിന്റെ പ്രിതിനിധികളുടെയും ജീവനക്കാരുടെയും യോഗത്തിലാണ് മാനേജ്‌മെന്റ് പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.

ബൈജൂസ് ആപ്പ് ടെക്‌നോപാർക്കിലെ പ്രവർത്തനം യാതൊരു മുന്നറിയിപ്പും കൂടാതെ നിർത്താൻ തീരുമാനിച്ചതായും ജീവനക്കാരെ നിർബന്ധിത രാജിക്ക് പ്രേരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി ഐ ടി ജീവനക്കാരുടെ ക്ഷേമസംഘടന പ്രതിധ്വനി ഒക്‌ടോബർ 25ന് തൊഴിൽ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പ്രശ്‌ന പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് തൊഴിൽ മന്ത്രി നിർദ്ദേശിച്ചതിനെ തുടർന്ന് ലേബർ കമ്മിഷണർ ഇരുകക്ഷികളുടെയും യോഗം വിളിച്ചു ചേർക്കുകയായിരുന്നു.

നിർബന്ധിതമായി രാജിവെച്ച ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് യോഗത്തിൽ തീരുമാനമായി. പരാതി നൽകിയ ജീവനക്കാർക്കെതിരെ യാതൊരു തരത്തിലുള്ള നടപടികളും പാടില്ലെന്നും കമ്പനിയിൽ തിരികെ പ്രവേശിക്കാൻ താൽപര്യമില്ലാത്ത ജീവനക്കാർക്ക് പരിചയ സർട്ടിഫിക്കറ്റ് അടക്കം നിയമപരമായി നൽകാനുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനും ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജയദേവ് ജി, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ,സ്റ്റേറ്റ് കൺവീനർ രാജീവ് ചന്ദ്രൻ, ജീവനക്കാരുടെ പ്രതിനിധികളായ ലിജീഷ് സി എസ്, രാഹിൽ ഹരിദാസ്,ശാന്തനു കെ യു, മാത്യു ജോസഫ്, അഡീഷണൽ ലേബർ കമ്മീഷണർ കെ എം സുനിൽ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ സിന്ധു എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: