തിരുവനന്തപുരം: സംശയിച്ച കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞെന്ന് പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണിന്‍റെ അമ്മ. കഷായം കുടിച്ചതിന് പിന്നാലെ വീട്ടിലെത്തി മകന്‍ നീലക്കളറില്‍ ഛര്‍ദ്ദിച്ചിരുന്നന്നും നടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്ന ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും ഷാരോണിന്‍റെ അമ്മ പറയുന്നു. ഫ്രൂട്ടി കുടിച്ചെന്നായിരുന്നു മകന്‍ തങ്ങളോട് ആദ്യം പറഞ്ഞത്. ഒരുവര്‍ഷമായിട്ട് ഷാരോണും ഗ്രീഷ്‍മയും തമ്മില്‍ സ്നേഹബന്ധത്തിലായിരുന്നു. ആ സമയത്ത് തന്നെ ഗ്രീഷ്മയെ കല്ല്യാണം കഴിക്കണമെന്ന് മകന്‍ പറയുമായിരുന്നു.
അന്ധവിശ്വാസത്തിന്‍റെ പേരില്‍ മകനെ ഗ്രീഷ്മ കൊന്നതാണെന്നും ഷാരോണിന്‍റെ അമ്മ പറഞ്ഞു. ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുണ്ട്. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു. അതിന് മുന്‍പ് മകനെക്കൊണ്ട് വീട്ടില്‍ വെച്ച് താലിക്കെട്ടിക്കുകയായിരുന്നെന്നും ഷാരോണിന്‍റെ അമ്മ പറഞ്ഞു.
ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. മറ്റൊരു വിവാഹ ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാകാൻ തീരുമാനിച്ചെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാർ ഉടന്‍ റൂറൽ എസ് പി ഓഫീസിലെത്തും.
കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച യുവാവ് മരിച്ചു. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.