ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ നവംബർ ഏഴ് വരെയാണ് സമയം അനുവദിച്ചത്. സെപ്റ്റംബർ 30 ആയിരുന്നു റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി. എന്നാൽ അത് ഒക്ടോബർ 7 വരെ നീട്ടി നൽകി. പിന്നീട് ഒക്ടോബർ 31 വരെ നീട്ടി, ഇപ്പോൾ വീണ്ടും നവംബർ 7 വരെ നീട്ടിയിരിക്കുകയാണ്.
ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിൽ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടിയത് എന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. ആഭ്യന്തര കമ്പനികൾ 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ നവംബർ 7നകവും രാജ്യത്തെ കമ്പനികൾ 2021- 22 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ ഒക്ടോബർ 31- നകവും സമർപ്പിക്കേണ്ടതുണ്ട്. അതേസമയം, ട്രാൻസ്ഫർ പ്രൈസിംഗ് മാനദണ്ഡങ്ങൾക്ക് വിധേയമായ കമ്പനികൾക്ക് ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി നവംബർ 30 ആണ്.
ഉത്സവ സീസണിൽ തിരക്കുകളോടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലൂടെയുള്ള തെറ്റുകൾ ഒഴിവാക്കാൻ ഈ സാവകാശം സഹായിക്കും എന്ന് വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടി. എന്താണ് ആദായ നികുതി ഓഡിറ്റിങ്…? പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു ബിസിനസ്സിന്റെയോ പ്രൊഫഷന്റെയോ അക്കൗണ്ടുകളുടെ വരവ് ചെലവുകൾ അവലോകനം ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള ഒരു പ്രക്രിയയാണ് ടാക്സ് ഓഡിറ്റ്. ആദായനികുതി ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർ അവരുടെ അക്കൗണ്ടുകൾ അതായത് ബാലൻസ് ഷീറ്റും പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടും ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് വഴി ഓഡിറ്റ് ചെയ്യിപ്പിക്കണം.