തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ കൊലപാതകത്തിൽ കുറ്റംസമ്മതിച്ച ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു. വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിൻറെ തീരുമാനം. ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഷാരോണിൻറെ അച്ഛൻ ആരോപിക്കുന്നു.
ഷാരോണിനെ കൊന്നതാണെന്ന് പെൺകുട്ടി ഇന്ന് പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോൺ കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തിൽ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇൻറർനെറ്റിൽ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.
എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). തോട്ടങ്ങളിലെ കളനാശിനിയാണ് ഉപയോഗിച്ചതെന്നും ഷാരോൺ ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം പറഞ്ഞുവെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. നീ ഇക്കാര്യം പുറത്തു പറയേണ്ടെന്നാണ് അപ്പോൾ ഷാരോൺ പറഞ്ഞതെന്നും ഗ്രീഷ്മ പറയുന്നത്. എന്നാൽ, പൊലീസ് ഇക്കാര്യം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.