തിരുവനന്തപുരം: ആവർത്തിച്ചുള്ള ആശുപത്രി അതിക്രമങ്ങൾ തടയാൻ സർക്കാർ തലത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ തിരുവനന്തപുരം ഘടകം പ്രസിഡന്റ് ഡോ. ജി.എസ് വിജയകൃഷ്ണനും ഡോ. എ അൽത്താഫും ആവശ്യപ്പെട്ടു.
ആശുപത്രി ആക്രമണങ്ങൾ ഏറിയ പങ്കും നടക്കുന്നത് സർക്കാർ ആശുപത്രികളിലാണ്. അതിനുള്ള പ്രധാന കാരണം ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കാത്തതും
സർക്കാർ ആശുപത്രികളിലെ തിരക്കും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ്.
പരിമിതികൾക്കുള്ളിൽ നിന്ന് ഇത്രയേറെ ദുരിതം അനുഭവിച്ച് സാധാരണക്കാർക്ക് വേണ്ടി ചികിത്സ സൗകര്യം ഒരുക്കുന്ന ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരെയും മർദ്ദിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.
ഇത്തരത്തിലുള്ള അതിക്രമങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാനായി
ആശുപത്രി ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ആശുപത്രികളിലെ രോഗീ ബാഹുല്യം കുറക്കാനുതകുന്ന വിധത്തിൽ എല്ലാ തലങ്ങളിലും അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ആശുപത്രി ആക്രമണങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കേസ് എടുത്ത് ജാമ്യത്തിൽ വിടുന്നതല്ലാതെ മാതൃകാപരമായ ശിക്ഷ നൽകാത്തതും ഇത്തരത്തിലുളള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.
ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സുരക്ഷ ഉറപ്പ് വരുത്താൻ സർക്കാർ തയ്യാറാകാത്ത പക്ഷം ചികിത്സാ ബഹിഷ്കരണം ഉൾപ്പടെയുള്ള സമരമാർഗങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും ഐഎംഎ അറിയിച്ചു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി ഓ പിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടർ ആണ് ആക്രമണത്തിന് ഇരയായത്. ഒപി സമയം കഴിഞ്ഞതിന് ശേഷവും രോഗീപരിചരണം നടത്തിയ ഡോക്ടറെ ആക്രമിച്ചവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് എടുത്ത് ശിക്ഷണ നടപടി കൈകൊള്ളണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.