
കൊച്ചി: രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ നോട്ടിസിനെതിരേ സര്‍വകലാശാല വി.സിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയില്‍ നടന്നത് കടുത്ത വാദപ്രതിവാദം. വി.സിമാരോടു ചോദ്യശരങ്ങള്‍ തൊടുത്ത ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ചില വാദങ്ങളെ പരിഹസിക്കുകയും കുസാറ്റ് വി.സിയുടെ അഭിഭാഷകനെ താക്കീത് ചെയ്യുകയും ചെയ്തു. കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
തന്റേത് പുനര്‍നിയമനമാണെന്നും യു.ജി.സി ചട്ടം ബാധകമല്ലെന്നും കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്‍ കോടതിയില്‍ പറഞ്ഞു. 80 വയസ് വരെ താങ്കള്‍ക്ക് പുനര്‍നിയമനം ആകാമോ എന്ന് കോടതി കണ്ണൂര്‍ വി.സിയോട് മറുചോദ്യം ഉയര്‍ത്തി. അമേരിക്കയിലെ സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ വിരമിക്കാറില്ലെന്നു പറഞ്ഞ ഗോപിനാഥ് രവീന്ദ്രനോട് ചില ജഡ്ജിമാര്‍ വിരമിക്കാറില്ല അതിനുമുന്നേ മരിച്ചു പൊയ്‌ക്കോളുമെന്നു പറഞ്ഞാണ് കോടതി പരിഹസിച്ചത്.

തന്നോട് രാജിവയ്ക്കാന്‍ ചാന്‍സലര്‍ക്ക് ആവശ്യപ്പെടാനാവില്ലെന്ന് എം.ജി സര്‍വകലാശാല വിസി കോടതിയില്‍ വാദിച്ചു. അതിനു മറുപടിയായി രാജിവയ്ക്കാന്‍ ആവശ്യപ്പെടാനാവില്ല, പക്ഷേ പുറത്താക്കാമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മറുപടി നല്‍കി. മറ്റു സര്‍വകലാശാലകളില്‍നിന്നു വ്യത്യസ്തമായി, മലയാളം സര്‍വകലാശാലയുടെ ചട്ടം വി.സിയെ മാറ്റാന്‍ ചാന്‍സലര്‍ക്ക് അധികാരം നല്‍കുന്നില്ലെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോള്‍ നിങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്താലും മാറ്റാനാകില്ലേയെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു.
ചാന്‍സലര്‍ ആര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന കോടതിയുടെ ചോദ്യത്തിന് സിന്‍ഡിക്കേറ്റിനോടെന്നു കാലിക്കറ്റ് വി.സി മറുപടി നല്‍കി. ഇതു കേട്ട കോടതി, നിങ്ങള്‍ നിയമം വായിച്ചിട്ടില്ലേയെന്ന് ചോദിച്ചു.
ഗവര്‍ണറെ ‘അയാള്‍’ എന്ന് അഭിസംബോധന ചെയ്ത് കുസാറ്റ് വി.സിയുടെ അഭിഭാഷകനെ ജസ്റ്റിസ് താക്കീതും ചെയ്തു. തന്റെ കോടതി മുറിയില്‍ ഇത്തരം പദങ്ങള്‍ പറ്റില്ലെന്നു പറഞ്ഞ കോടതി, ഒരു വി.സിക്ക് ഗവര്‍ണറെ അവനെന്നും അയാളെന്നും അഭിസംബോധന ചെയ്യാന്‍ എങ്ങനെ കഴിയുമെന്നും ചോദിച്ചു.