CrimeNEWS

കോയമ്പത്തൂരിൽ കാറിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ്

കോയമ്പത്തൂർ : കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് അന്വേഷണ സംഘം. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ എന്ന യുവാവ് 2009 ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യം വ്യക്തമായതിന് പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കുകയാണ്.

1998 ലെ കോയമ്പത്തൂർ സ്ഫോടന പരമ്പരയിലെ പ്രതികളുടെ ബന്ധു വീടുകളിൽ പൊലീസ് പരിശോധന നടത്തി. അൽ ഉമ സംഘടനയുടെ തലവൻ ബാഷയുടെ സഹോദരന്റെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകൻ തൽകയെ ചോദ്യം ചെയ്യുകയാണ്. ഉക്കടം വിൻസന്റ് റോഡിലെ വീട്ടിൽ വൈകിട്ടോടെയാണ് പൊലീസ് സംഘം  പരിശോധനക്കെത്തിയത്. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാറിലെ സ്ഫോടന കേസ് അന്വേഷിക്കുന്നത്. സ്ഫോടനത്തിൽ തകർന്ന കാറിന്റെ വിശദാംശങ്ങളാണ് ആദ്യഘട്ടത്തിൽ പൊലീസ് തേടുന്നത്.

Signature-ad

കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ വെച്ചാണ് പുലർച്ചെ സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചു. കാറിനുള്ളിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. എൻജിനീയറിങ് ബിരുദധാരിയാണ് മരിച്ച ജമേഷ മുബിൻ. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ നാടൻ ബോബുണ്ടാക്കാനുള്ള സാധനങ്ങളും കണ്ടെടുത്തുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെങ്ങും കനത്ത ജാഗ്രതാ നിർദേശം നൽകി.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്. ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ട്. സ്ഫോടന സമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ ആകാം ഇതെന്നാണ് സൂചന.

Back to top button
error: