CrimeNEWS

ഗാസിയാബാദ് കൂട്ടബലാത്സംഗക്കേസ് കെട്ടിച്ചമച്ച യുവതിയും സഹായിച്ച സുഹൃത്തുക്കളും അറസ്റ്റില്‍

ലഖ്നൗ: ഗാസിയാബാദില്‍ കൂട്ടബലാത്സംഗക്കേസ് കെട്ടിച്ചമച്ച യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഡല്‍ഹി സ്വദേശിനിയായ 40 വയസുകാരിയെയാണ് വ്യാജപരാതി നല്‍കിയതിന് പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. യു.പിയിലെ ഗാസിയാബാദില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിപോകാന്‍ നേരത്തായിരുന്നു സംഭവമെന്നും യുവതി പറഞ്ഞിരുന്നു. ബസ് സ്റ്റോപ്പില്‍ നില്‍ക്കവെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി. പീഡിപ്പിച്ചതിന് ശേഷം കൈകാലുകള്‍ ബന്ധിച്ച് ചാക്കിലാക്കി തള്ളി. സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി, എന്നെല്ലാമായിരുന്നു യുവതിയുടെ മൊഴി. സംഭവം രാജ്യശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി വനിതാ കമ്മീഷന്‍ സംഭവത്തെ അപലപിക്കുകയും കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.പി പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ മൊഴി കെട്ടിച്ചമച്ചതാണെന്ന് പോലീസ് കണ്ടെത്തിയത്.

Signature-ad

അറസ്റ്റിലായ യുവതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വ്യാജപരാതി നല്‍കാനും തെളിവുകള്‍ സൃഷ്ടിക്കാനും യുവതിയെ സഹായിച്ച മൂന്ന് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആസാദ്, അഫ്സല്‍, ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്.

വസ്തു തര്‍ക്കത്തെ തുടര്‍ന്നുള്ള പ്രതികാരമാണ് കള്ളക്കേസ് മെനഞ്ഞെടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത്. അഞ്ച് പുരുഷന്മാരെയും കേസില്‍ കുടുക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം. ഇതിനായി സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തിയായിരുന്നു യുവതി കൂട്ടബലാത്സംഗക്കേസ് കെട്ടിച്ചമച്ചത്. മാദ്ധ്യമങ്ങളില്‍ കേസിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഒരാള്‍ക്ക് പണം നല്‍കുകയും ചെയ്തു. എന്നാല്‍, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണം കൂട്ടബലാത്സംഗക്കഥയുടെ ചുരുളഴിക്കുകയായിരുന്നു.

 

 

 

 

Back to top button
error: