NEWS

സൈനികനെ മര്‍ദ്ദിച്ചവര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല; പിന്നാലെ മിലിറ്ററി പോലീസ്

കൊല്ലം: പട്ടാളക്കാരനെയാണ് അറസ്റ്റു ചെയ്തത് എന്നറിഞ്ഞിട്ടും കിളികൊല്ലൂര്‍ പൊലീസ് നടപടിക്രമങ്ങളും പാലിച്ചില്ല എന്ന് മാത്രമല്ല പട്ടാളക്കാരനാണെന്ന് അറിഞ്ഞതോടെയാണ് ആ സൈനികനെ  തല്ലി ചതച്ചതും. ഈ കേസ് എല്ലാ അര്‍ത്ഥത്തിലും പൊലീസിന് വിനയാകും എന്നാണ് സൂചന.

 നിയമപരമായി തന്നെ നീങ്ങാനാണ് സൈന്യത്തിന്റെ നീക്കം. കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ നേതാവിനെയും സൈനികനായ ജ്യേഷ്ഠനെയും മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി പേരിന് മാത്രമായിരുന്നു. സംഭവത്തില്‍ സിഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിഐ വിനോദ്, എസ്‌ഐ അനീഷ്, സിപിഒമാരായ മണികണ്ഠന്‍, ലകേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സൈന്യം ഇടപെട്ടത്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സൈന്യം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് ഒരു സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്ബോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് മിലിട്ടറി പൊലീസും അന്വേഷണം നടത്തും എന്നതാണ് സൈന്യത്തിലെ രീതി.

ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റി. കേസില്‍ മര്‍ദനം ഉള്‍പ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, കേസ് പരിഗണിക്കേണ്ടത് ജില്ലാ കോടതിയിലാണ്.

ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണോ പ്രതിയാകുന്നത്, അതിന് മുകളിലെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കാര്യങ്ങള്‍ അറിയിക്കുകയെന്നതാണ് നിയമം. കേസില്‍ ഒരു ഭാഗത്ത് പൊലീസ് ആയതിനാല്‍ മറ്റേതെങ്കിലും ഒരു ഏജന്‍സിയെ ഉപയോഗിച്ച്‌ അന്വേഷണം നടത്തുകയെന്ന സാധ്യതയും സൈന്യം പരിഗണിക്കുന്നുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

 

എന്നിരുന്നാലും ഈ കേസിന് പിറകെ മിലിറ്ററി പൊലീസ് ഉണ്ടാകും. അതുകൊണ്ട് തന്നെ സൈനികനെ മര്‍ദ്ദിച്ചവര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. മിലിറ്ററി പൊലീസിന് കേസെടുക്കാന്‍ കഴിയില്ലെങ്കിലും അവര്‍ക്ക് പ്രാഥമിക പരിശോധനകളിലൂടെ സത്യം ഉറപ്പിക്കാം. അതിന് ശേഷം സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കാം. അങ്ങനെ നല്‍കുന്ന ശുപാര്‍ശകള്‍ തള്ളിക്കളയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കിളികൊല്ലൂരില്‍ ക്രൂരത കാട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടി ഉറപ്പാണ്. സേനയില്‍ നിന്ന് തന്നെ അവരെ പുറത്താക്കേണ്ടി വരും.അതിന് പിന്നാലെ മറ്റ് നിയമനടപടികളും അവർക്ക് നേരിടേണ്ടി വരും.

Back to top button
error: