KeralaNEWS

രണ്ടു പതിറ്റാണ്ടത്തെ ജയില്‍വാസത്തിനുശേഷം കല്ലുവാതുക്കല്‍ മണിച്ചന്‍ ജയില്‍മോചിതനായി

തിരുവനന്തപുരം: 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ 21 വര്‍ഷത്തിനുശേഷം അവസാനപ്രതിയും ജയില്‍മോചിതനായി. ദുരന്തത്തിന്റെ ആസൂത്രകനായ ചിറയിന്‍കീഴ് ഉഷസില്‍ ചന്ദ്രന്‍ എന്ന മണിച്ചനാണ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് മണിച്ചന്റെ മോചനം. മകന്‍ അടക്കമുള്ള ബന്ധുക്കളും മറ്റും സ്വീകരിക്കാനെത്തിയിരുന്നു.

കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസ് പരിഗണിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേയും ആറ്റിങ്ങല്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേയും വിധികളുടെ അടിസ്ഥാനത്തില്‍ മണിച്ചന്‍ 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അടിയന്തരമായി മോചിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോള്‍ മണിച്ചന്റെ മോചനം.

Signature-ad

വൈപ്പിന്‍ മദ്യദുരന്തത്തിനുശേഷം കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തം 2000 ഒക്ടോബറിലാണുണ്ടായത്. മണിച്ചന്‍ നല്‍കിയ ചാരായം വില്‍പ്പന നടത്തിയ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഹയറുന്നീസ എന്ന താത്തയാണ് കേസിലെ മറ്റൊരു പ്രധാനപ്രതി. ദുരന്തത്തില്‍ 31 പേര്‍ മരിച്ചു. ആറുപേര്‍ക്ക് കാഴ്ച നഷ്ടമായി.

നവംബറില്‍ നാഗര്‍കോവിലില്‍നിന്ന് മണിച്ചന്‍ പിടിയിലായി. ഹയറുന്നീസ, മണിച്ചന്റെ സഹോദരന്മാരായ വിനോദ്, കൊച്ചനി എന്നിവര്‍ ഉള്‍പ്പെടെ 26 പ്രതികളെ 2002 ജൂലായില്‍ കൊല്ലം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചു. മണിച്ചനടക്കം 13 പര്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. മണിച്ചന് 30.45 ലക്ഷം രൂപ പിഴയും ചുമത്തി. ശിക്ഷാകാലാവധി ആജീവനാന്തമാണെന്നും കോടതി വിധിച്ചു. 2004 ഒക്ടോബറില്‍ മണിച്ചനടക്കം എട്ടുപേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. അഞ്ചുപേര്‍ക്ക് ഇളവുനല്‍കി.

2008 ഏപ്രിലില്‍ മണിച്ചന്റെ ഭാര്യ ഉഷയെയും ബന്ധുവിനെയും 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പിന്നീട് അത് ഹൈക്കോടതി സ്റ്റേചെയ്തു. 2009 മാര്‍ച്ചില്‍ ഒന്നാം പ്രതി ഹയറുന്നീസ കരള്‍രോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2011 ഏപ്രിലില്‍ മണിച്ചന്റെ ജീവപര്യന്തം സുപ്രീംകോടതിയും ശരിവെച്ചു. മണിച്ചന്റെ മദ്യക്കച്ചവടത്തില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പങ്കുപറ്റിയെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയുംചെയ്തു.

2017 ഫെബ്രുവരിയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കൊപ്പം മണിച്ചനും ശിക്ഷയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിവാദമായതോടെ ഉപേക്ഷിച്ചു. 2020 ഏപ്രിലില്‍ മണിച്ചനടക്കം 33 തടവുകാരെ വിട്ടയക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു. 2020 ജൂണ്‍ 13-ന് മണിച്ചന്റെ മോചനത്തിന് ഗവര്‍ണര്‍ അനുമതിനല്‍കി. നഷ്ടപരിഹാരത്തുക കെട്ടിവെക്കാത്തതിനെത്തുടര്‍ന്നാണ് ജയില്‍മോചനം വൈകിയത്.

Back to top button
error: