NEWS

സൈനികനും സഹോദരനും മര്‍ദ്ദനമേറ്റ സംഭവം;കർശന നടപടികളുമായി സർക്കാർ

കൊല്ലം : കിളികൊല്ലൂരില്‍ സൈനികനും സഹോദരനും പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്‌എച്ച്‌ഒ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍.
സൈനികനും സഹോദരനും മര്‍ദ്ദനമേറ്റ സംഭവം പുറത്ത് വന്നപ്പോള്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണറോട് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർക്ക് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പിന്നാലെ മര്‍ദ്ദനമേറ്റ യുവാവ് ഡിജിപിയെ നേരില്‍ കണ്ട് മര്‍ദ്ദനത്തെ തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടായ പാടുകള്‍ കാണിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ അന്വേഷണത്തിന് ഡിഐജി നിശാന്തിനിയോട് ഡിജിപി ഉത്തരവിട്ടത്.

ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നാല് ഉദ്യോഗസ്ഥരെ ദഷിണമേഖല ഐജി പി പ്രകാശ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍ മണികണ്ഠപിള്ള എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

മുന്‍പ് എസ്‌എച്ച്‌ഒ വിനോദ് ഒഴികെയുള്ള മൂന്ന് ഉദ്യോഗസ്ഥരെ സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു. വിനോദിനോട് ഇന്ന് രാവിലെ മുതല്‍ സ്‌റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ഐജി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആദ്യം വിനോദിനെ സ്ഥലം മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം എന്ന് ഡിജിപി ഐജിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Signature-ad

കിളികൊല്ലൂര്‍ സ്വദേശിയും സൈനികനുമായ വിഷ്ണു, സഹോദരന്‍ വിഘ്നേഷ് എന്നിവര്‍ക്കാണ് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനമേറ്റത്. വിവാഹത്തിനായാണ് സൈനികനായ വിഷ്ണു നാട്ടില്‍ എത്തിയത്. സഹോദരന്‍ വിഘ്നേഷ് പ്രദേശിക ഡിവൈഎഫ്‌ഐ നേതാവാണ്. എം.ഡി.എം.എ.യുമായി നാലുപേര്‍ പിടിയിലായ കേസില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് വിഘ്‌നേഷിനെ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യംനില്‍ക്കാന്‍ തയ്യാറായില്ല. പിന്നാലെ വിഘ്‌നേഷും ഒരു പോലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടെയാണ് സഹോദരനെ തേടി വിഷ്ണു സ്റ്റേഷനില്‍ എത്തിയത്. പിന്നാലെ ഇരുവരെയും പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് കൊണ്ടു പോവുകയായിരുന്നു.എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പോലീസിനെ ആക്രമിച്ചെന്നായിരുന്നു ഇരുവര്‍ക്കുമെതിരെ ചുമത്തിയ കേസ്.

 

 

ഇക്കാര്യം വിശദമാക്കിയുള്ള പത്രക്കുറിപ്പും പോലീസ് പുറത്തിറക്കി. സൈനികനായ വിഷ്ണുവും വിഘ്നേഷും പോലീസിനെ ആക്രമിച്ചെന്ന കേസില്‍ 12 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് വിഷ്ണുവിന്റെ വിവാഹവും മുടങ്ങിയിരുന്നു.

Back to top button
error: