CrimeNEWS

നെഞ്ചിടിച്ചു കലക്കി, ശ്വാസംമുട്ടിച്ചു; പോലീസ് മര്‍ദിച്ചെന്ന് എസ്.എഫ്.ഐ നേതാവിന്റെ പരാതി

കൊച്ചി: എസ്.എഫ്.ഐ നേതാവിനെ പള്ളുരുത്തി പോലീസ് മര്‍ദിച്ചതായി പരാതി. എസ്.എഫ്.ഐ പള്ളുരുത്തി ഏരിയ വൈസ് പ്രസിഡന്റ് പി.എസ്.വിഷ്ണുവിനെയാണ് എസ്.ഐ: അശോകന്‍ മര്‍ദിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15ന് അക്വിനാസ് കോളജ് ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബിരുദ വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി അകാരണമായി അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതാണ് പോലീസ് മര്‍ദിക്കാന്‍ കാരണമെന്നു പറയുന്നു.

ചോദ്യം ചെയ്ത വിഷ്ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. അസഭ്യം പറഞ്ഞ് ജീപ്പില്‍ പിടിച്ചുകയറ്റി. ഈ സമയം എസ്,ഐ, വിഷ്ണുവിന്റെ നെഞ്ചില്‍ പല തവണ ഇടിച്ചു. ജീപ്പില്‍ കയറിയ ശേഷം സ്റ്റേഷനിലേക്കു പോകുംവഴി കഴുത്തില്‍ വട്ടംപിടിച്ച് ശ്വാസം മുട്ടിച്ചതായും വിഷ്ണു പറയുന്നു.

Signature-ad

പോലീസ് ജീപ്പില്‍ കയറ്റി വിഷ്ണുവിനെ എസ്.ഐ നെഞ്ചില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പരുക്കേറ്റ വിഷ്ണു കരുവേലിപ്പടി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അസി. കമ്മിഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. എസ്.ഐക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.ഐ പള്ളുരുത്തി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

 

Back to top button
error: