ഇടുക്കി: തൊടുപുഴയിൽ വ്യാജ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൊടുപുഴ മുട്ടം കാക്കൊമ്പ് പാറേപ്പടിക്കൽ ജോബി മാത്യുവാണ് അറസ്റ്റിലായത്. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഇന്‍ഫര്‍മേഷൻ എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ് അറസ്റ്റിലായ ജോബി മാത്യു.
അബുദാബിയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ജോബി മാത്യു നിരവധി പേരെ കബളിപ്പിച്ചത്. ഫയര്‍ സേഫ്റ്റി ഓഫീസര്‍ മുതൽ 10 ലധികം തസ്തികകളില്‍ ഒഴിവുണ്ടെന്ന് കാണിച്ചായിരുന്നു പ്രചരണം. 50000 രൂപാ മുതല്‍ ഒരു ലക്ഷം വരെയാണ് ഓരോരുത്തരിൽ നിന്നും ഈടാക്കിയിരുന്നത്. മാസങ്ങള്‍ പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല. ഏതാനും ആഴ്ച മുമ്പ് സ്ഥാപനം പൂട്ടുകയും ചെയ്തു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്ത് നിന്നുള്ളവർ പരാതിയുമായി എത്തിയതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തൊടുപുഴ കുന്നത്തുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിയവേയാണ് ജോബി മാത്യുവിനെ പൊലീസ് പിടികൂടിയത്.
കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് പുതിയ തൊഴിലിനായി ശ്രമിക്കുന്നവരായിരുന്നു തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും. 2008 മുതൽ യാതൊരു ലൈസൻസുമില്ലാതെയാണ് ആൽഫ ഇൻഫർമേഷൻ എന്ന സ്ഥാപനം തൊടുപുഴയിൽ പ്രവർത്തിക്കുന്നത്. ഇതുവരെ അയ്യായിരത്തോളം പേർ തട്ടിപ്പിനിരയായതായാണ് പൊലീസിന്റെ കണ്ടെത്തൽ. നേരിട്ട് പണം കൈമാറിയ പലർക്കും രേഖകൾ നൽകിയിട്ടുമില്ല. പരാതിയെ തുടർന്ന് 2019 ലും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പരാതിക്കാരന് പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കി വീണ്ടും സ്ഥാപനം തുറക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി.