ഭോപ്പാൽ: കാടിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ പലപ്പോഴും വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാറുണ്ട്. എത്ര മുന്നൊരുക്കങ്ങളോടെ കഴിഞ്ഞാലും ഇങ്ങനെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ തീരാതലവേദനയാണിത്. കൃഷി നശിപ്പിക്കുക- വളർത്തുമൃഗങ്ങളെ കൊല്ലുക എന്ന് തുടങ്ങി മനുഷ്യർക്ക് വരെ ഭീഷണിയാകും വിധത്തിൽ വന്യമൃഗങ്ങൾ കാട്ടിൽ നിന്നിറങ്ങി പ്രശ്നമുണ്ടാക്കുന്ന ഇടങ്ങളുണ്ട്. അത്തരത്തിൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു ക്യാംപസിൽ കടുവ കയറിക്കൂടിയ സംഭവം വാർത്തകളിൽ വലിയ ഇടം നേടിയിരുന്നു. 650 ഏക്കർ വരുന്ന ക്യാംപസ് വളപ്പിലെത്തിയ കടുവ ഇവിടെ നിന്ന് മടങ്ങാൻ കൂട്ടാക്കാതെ ഇവിടെത്തന്നെ കറങ്ങിനടക്കാൻ തുടങ്ങിയതോടെ ക്യാംപസിനകത്ത് തന്നെ ഹോസ്റ്റലിലും ക്വാർട്ടേഴ്സുകളിലുമായി കഴിയുന്ന വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ഇവരുടെയെല്ലാം കുടുംബങ്ങളുമെല്ലാം ഒരുപോലെ ആശങ്കയിലായിരുന്നു.
സാധാരണഗതിയിൽ തൻറെ ഏരിയ വിട്ട് മറ്റൊരിടത്തെത്തുന്ന കടുവ ഒരാഴ്ചയിലധികം അവിടെ തങ്ങുകയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നത്. എന്നാൽ ക്യാംപസിലെത്തിയ കടുവ രണ്ട് പശുക്കളെയും കൊന്ന ശേഷം വീണ്ടും അവിടെത്തന്നെ കൂടിയതാണ് ഏവരെയും ആശങ്കപ്പെടുത്തിയത്. ഇതിനിടെ വേറെയും കന്നുകാലികളെ ഇതാക്രമിക്കുകയും ചെയ്തു. ഭോപ്പാലിലെ മൗലാനാ ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് സംഭവം. ഒക്ടോബർ മൂന്നിനാണ് കടുവ ക്യാംപസിനകത്ത് കയറിക്കൂടിയതെന്ന് കരുതുന്നു. ക്യാംപസിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും അവധിയായിരുന്നതിനാൽ കാര്യങ്ങൾ കുറെക്കൂടി സമാധാനപരമായി കൈകാര്യം ചെയ്യാൻ കോളേജ് അധികൃതർക്കും വനം വകുപ്പിനും സാധിച്ചു.
എന്നാൽ ക്യാംപസ് വിടാതെ കടുവ കൂടിയതോടെ സിസിടിവി ക്യാമറകളും സ്ഥാപിച്ച് വനം വകുപ്പ് ജീവനക്കാർ 24 മണിക്കൂറും നിരീക്ഷണം തുടർന്നു. ക്യാംപസിനകത്ത് തന്നെ ഇതിനെ കുടുക്കാനുള്ള കൂടുകളും ഒരുക്കിവച്ചു. ഒടുവിലിപ്പോൾ രണ്ടാഴ്ചയ്ക്കിപ്പുറം കൂട്ടിൽ കുടുങ്ങിയിരിക്കുകയാണ് കടുവ. ഇതിന് മുമ്പ് പലവട്ടം കൂടുകൾക്ക് അടുത്ത് വരെ എത്തിയെങ്കിലും കൂട്ടിൽ കയറാതെ രക്ഷപ്പെടുകയായിരുന്നു കടുവ. ഇനിയിതിനെ ഇതിൻറെ വാസസ്ഥലമായ കാട്ടിലേക്ക് തന്നെ തുറന്നുവിടാനാണ് തീരുമാനം.