SportsTRENDING

ഐപിഎല്‍ മിനി താരലേലം ഡിസംബറില്‍ ബെംഗലൂരുവില്‍

മുംബൈ: അടുത്ത ഐപിഎല്‍ സീസണ് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര്‍ 16ന് ബെംഗലൂരുവില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാവുന്ന രീതിയിലായിരിക്കും താരലേലം സംഘടിപ്പിക്കുക. അതേസമയം, ഓരോ ടീമിനുമുള്ള സാലറി പഴ്സ് 95 കോടി രൂപയായി ഉയര്‍ത്തിയതിനാല്‍ മിനി താരലേലത്തിലും കോടിപതികള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിനുശേഷം നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗമാവും ലേലത്തിന്‍റെ അന്തിമ തീയതി തീരുമാനിക്കുക. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 90 കോടി രൂപയായി നിശ്ചയിച്ചിരുന്നു.

നിലവിലെ ധാരണ അനുസരിച്ച് ഈ വര്‍ഷം ഇത് 95 കോടിയായും അടുത്ത വര്‍ഷം 100 കോടിയായും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേത്തിലും ഒഴിവുള്ള ചില സ്ഥാനങ്ങളിലേക്ക് കളിക്കാരെ കണ്ടെത്താനാവും ടീമുകള്‍ പ്രധാനമായും മിനി താരലലേത്തില്‍ ശ്രമിക്കുക. രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ട് ലേലത്തിനെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം.

കഴിഞ്ഞ സീസണില്‍ ചെന്നൈ നായകനാക്കുകയും പിന്നീട് നായകസ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തശേഷം ടീം മാനേജ്മെന്‍റുമായി ജഡേജ അത്ര രസത്തിലല്ലെന്നാണ് റിപ്പോര്‍ട്ട്. 2012ല്‍ ചെന്നൈയിലെത്തിയ ജഡേജ പിന്നീട് അവരുടെ വിശ്വസ്ത താരമായിരുന്നു. കൊവിഡ് ഇടവേളക്കുശഷം ഇത്തവണ ഹോം-എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക. ചെന്നൈയിലെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിച്ച് വിരമിക്കുമെന്ന് പ്രഖ്യാപിച്ച എം എസ് ധോണിയുടെ അവസാന ഐപിഎല്‍ കൂടിയാവും അടുത്ത തവണത്തേത്. അതുകൊണ്ടുതന്നെ 2024 സീസണിലേക്ക് പുതിയ നായകനെ കണ്ടെത്തുക എന്നതുകൂടി ചെന്നൈക്ക് മുന്നിലെ ലക്ഷ്യമാണ്. മാര്‍ച്ച് അവസാന വാരമായിരിക്കും ഐപിഎല്‍ സീസണ്‍ തുടങ്ങുക.

Back to top button
error: