Breaking NewsNEWS

‘ഡെവിള്‍സ് അഡ്വക്കേറ്റ്’ റെഡി; ഇലന്തൂര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുമെന്ന് ആളൂര്‍ വക്കീല്‍

കൊച്ചി: പത്തനംതിട്ട ഇലന്തരൂരില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി.എ ആളൂര്‍. പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്യും. കേസില്‍ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും അഡ്വ. ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ പെരുമ്പാവൂര്‍ ജിഷ കേസ് പ്രതി അമീറുള്‍ ഇസ്ലാം, ട്രെയിനിലെ ബലാത്സംഗ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി തുടങ്ങിയവര്‍ക്കായി കോടതിയില്‍ ഹാജരായ ചരിത്രമുണ്ട് അഡ്വ. ആളൂരിന്.

”നടന്നത് ക്രൂരമായ കൊലപാതകമാണ്. നരബലിയുടെ ശ്രേണിയില്‍പ്പെട്ട കൊലപാതകമാണെന്നാണ് പോലീസിന്റെ വാദം. ഇപ്പോള്‍ ഇതിലും മാറ്റങ്ങള്‍ വന്നു. നരഭോജികളാണ് എന്ന ആക്ഷേപം പോലും ഉന്നയിക്കുന്നുണ്ട്. സത്യാവസ്ഥ അറിയണം. അവരുമായും അവരുടെ അടുത്ത ആളുകളുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ടി ഹാജരാകും. അവരുമായി സംസാരിക്കും. വക്കാലത്ത് ഫയല്‍ ചെയ്യും. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം നടപടികള്‍ സ്വീകരിക്കും”- ആളൂര്‍ വ്യക്തമാക്കി.

Signature-ad

അതിനിടെ, നരബലിക്ക് ശേഷം കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം കഴിച്ചിരുന്നതായി പ്രതികളായ ദമ്പതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിലാണ് പ്രതികളായ ഭഗവല്‍ സിങും ഭാര്യ ലൈലയും ഇക്കാര്യം പറഞ്ഞത്. പൂജയ്ക്കു ശേഷമുള്ള പ്രസാദം ആണെന്നും, ആയുരോരോഗ്യത്തിന് വേണ്ടി ഇരകളുടെ മാംസം ഭക്ഷിക്കാനും ഷാഫി ആവശ്യപ്പെട്ടുവെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

പ്രതികളായ ലൈലയും ഭഗവല്‍ സിങ്ങും ചേര്‍ന്നാണ് സ്ത്രീകളുടെ മാസം മുറിച്ചെടുത്തത്. ഇതിന് ഷാഫി സഹായിക്കുകയും ചെയ്തു. പച്ചയ്ക്ക് മാംസം കഴിക്കുകയാണ് അത്യുത്തമം. അതിന് ബുദ്ധിമുട്ടുള്ളതിനാല്‍ പാചകം ചെയ്ത് കഴിച്ചാലും മതിയെന്ന് ഷാഫി പറഞ്ഞു. അതനുസരിച്ച് മാംസം പാചകം ചെയ്തു കഴിക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പോലീസിനോട് പറഞ്ഞു.

ഇരകളുടെ മാംസം പ്രസാദമാണെന്നും മറ്റുള്ളവര്‍ക്കും നല്‍കാനും ഷാഫി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ക്ക് ഇത് നല്‍കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. ആഭിചാരം സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാനും ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പോലീസിന് മൊഴി നല്‍കി.

Back to top button
error: