CrimeNEWS

പദ്മത്തിന്റെ മൃതദേഹം ഒരു കുഴിയില്‍, റോസ്ലിന്റേത് പലയിടത്തായി; ഉപ്പുവിതറി മറവുചെയ്ത് മഞ്ഞള്‍ നട്ടു

പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്ക് ഇരയായ സ്ത്രീകളില്‍ പദ്മത്തിന്‍െ്‌റ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത് ഒരു കുഴിയില്‍നിന്ന്. ആദ്യം കൊല്ലപ്പെട്ട റോസ്ലിന്റേത് പലയിടത്തായി നിക്ഷേപിച്ച നിലയിലായിരുന്നു. ഉപ്പുവിതറിയാണ് അവശിഷ്ടങ്ങള്‍ മറവുചെയ്തത്. മണ്ണിട്ടിട്ട് മഞ്ഞള്‍ച്ചെടികളും നട്ടു. ശരീരാവശിഷ്ടങ്ങള്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഇട്ടില്ല.

പ്രതി ഭഗവല്‍സിങ്ങിന്റെ ഇലന്തൂരിലെ വീടിന്റെ മൂന്നുവശവും വിജനമാണ്. അതിനാല്‍ തന്നെ കൊലപാതകം നടന്നതും കുഴിച്ചിട്ടതും അതീവ രഹസ്യമായി പ്രതികള്‍ക്ക് നടത്താനായി. പടിഞ്ഞാറുവശത്തുകൂടിയാണ് പ്രവേശനം. റോഡില്‍നിന്ന് വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ ഒരു കാവാണ്. അതുകഴിഞ്ഞാല്‍ ഭഗവത് സിങ്ങിന്റെ തിരുമ്മുശാല. പിന്നീടാണ് വീട്. പ്രവേശന ഭാഗത്തുള്ള വീടുമാത്രമാണ് ഏക അയല്‍പക്കം. ഈ വീടിന്റെ അതിരില്‍ ഉയര്‍ന്ന മതില്‍ കെട്ടിയിട്ടുണ്ട്. വീടിന്റെ മൂന്നുവശവും പ്രത്യേക കൃഷിയൊന്നും ചെയ്യാതെ ഒഴിഞ്ഞുകിടക്കുകയാണ്.ഈ വീട്ടില്‍ എന്തുനടന്നാലും നാട്ടുകാര്‍ക്ക് അറിയാനാവാത്തസ്ഥിതി ഇങ്ങനെ ഉണ്ടായി.

കൊച്ചിയില്‍ അറസ്റ്റിലായ ഷാഫിയെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് എത്തിച്ചത്. മൂന്നുമണിക്കൂര്‍ വീതം എടുത്താണ് ഓരോ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.

ഉച്ചയ്ക്ക് ഒരുമണിക്ക് പദ്മയുടെ മൃതദേഹത്തിനായുള്ള ശ്രമമാണ് തുടങ്ങിയത്. ഷാഫി സ്ഥലം കാണിച്ചുകൊടുത്തു.വീടിന്റെ തെക്ക് വശത്ത് മരങ്ങളുടെ ഇടയിലായി ഒറ്റകുഴിയിലായിരുന്നു അവശിഷ്ടമുണ്ടായിരുന്നത്.വീടിന്റെ കിഴക്കുഭാഗത്ത് ചെമ്പരത്തി ചെടികള്‍ക്കു നടുവിലാണ് റോസ്ലിനെ കുഴിച്ചിട്ടിരുന്നത്. ഭഗവല്‍സിങ്ങും ലൈലയുമാണ് സ്ഥലം കാണിച്ചുകൊടുത്തത്. അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ നാലു മണിക്ക് തുടങ്ങിയ ശ്രമം രാത്രി ഒന്‍പതുവരെ തുടര്‍ന്നു. ആദ്യ കുഴിയില്‍നിന്ന് രണ്ട് കൈകള്‍ കിട്ടി. തൊട്ടടുത്തു തന്നെ മറ്റൊരുകുഴിയില്‍നിന്ന് ബാക്കിഭാഗങ്ങള്‍ കണ്ടെടുത്തു. തുണിയില്‍ പൊതിഞ്ഞ് കയര്‍കെട്ടിയ നിലയിലായിരുന്നു ഇത്. കുഴിയില്‍ 30 രൂപയുടെ നാണയങ്ങള്‍, കുട, ബാഗ്, ചെരിപ്പ്, പെര്‍ഫ്യൂം, മാസ്‌ക്, താക്കോല്‍, ചീപ്പ് എന്നിവയുമുണ്ടായിരുന്നു.

മൂന്നുപേരേയും ഒരുമിച്ചിരുത്തി ചോദിച്ചപ്പോള്‍ എല്ലാം പൊളിഞ്ഞു. നാട്ടിലെ അറിയപ്പെടുന്ന തിരുമ്മുവൈദ്യനാണ് ബാബു എന്നു വിളിക്കുന്ന ഭഗവല്‍ സിങ്. പലയിടത്തുനിന്നും ചികിത്സയ്ക്കായി ഇവിടെ ആള്‍ക്കാര്‍ വന്നുപോയിരുന്നു. അതുകൊണ്ടുതന്നെ വീടിനകത്ത് നടക്കുന്ന കാര്യങ്ങളൊന്നും നാട്ടുകാരോ അയല്‍പക്കക്കാരോ ശ്രദ്ധിച്ചിരുന്നില്ല.

ജൂണിലാണ് ആദ്യ ഇര റോസ്ലിനെ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. മയക്കാനുള്ള ദ്രാവകം നല്‍കി കട്ടിലില്‍ കിടത്തി. തുടര്‍ന്ന് ഇവരുടെ ജനനേന്ദ്രിയത്തില്‍ ഷാഫി കത്തികുത്തിയിറക്കി. പാത്രത്തില്‍ രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചു. പിന്നീട് ശരീരഭാഗങ്ങള്‍ 30 കഷണങ്ങളാക്കി കുഴിച്ചിട്ടു.

ആദ്യപൂജ ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് ഭഗവല്‍ സിങ്ങിനെയും ലൈലയെയും ഷാഫി ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന് സെപ്റ്റംബറിലാണ് പദ്മത്തെ കൊണ്ടുവന്നത്. ലൈലയാണ് പദ്മത്തെ കൊന്നത്. റോസ്ലിനെ കൊന്ന അതേ രീതിയിലായിരുന്നു ഇതും. ജനനേന്ദ്രിയത്തില്‍ കത്തിയിറക്കിയതും രക്തം ശേഖരിച്ചതും ലൈലയായിരുന്നു. അതും വീടിനു ചുറ്റും തളിച്ചു. ശരീരാവശിഷ്ടങ്ങള്‍ 21 കഷണങ്ങളാക്കി രാത്രി കുഴിച്ചിട്ടു. ആഭിചാരക്രിയകളുടെ ഭാഗമായി ഷാഫി, ഭര്‍ത്താവായ ഭഗവല്‍സിങ്ങിന്റെ മുന്‍പില്‍ ലൈലയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പോലീസ് പറയുന്നു.

 

 

Back to top button
error: