പട്ന: ബിഹാറില്‍ പോലീസ് ഉദ്യോഗസ്ഥരുമായി പോയ ബസ് ബൈക്കില്‍ ഇടിച്ച് മൂന്നു മരണം. ബൈക്ക് യാത്രികരായ മൂന്നു യുവാക്കളാണ് മരിച്ചത്. ഛപ്ര-സിവാന്‍ ഹൈവേയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ ബസിന് തീപിടിക്കുകയും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുകയും ചെയ്തു.
ദിയോരിയ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് പോലീസുകാര്‍ സഞ്ചരിച്ച ബസില്‍ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവാക്കളില്‍ ഒരാള്‍ ബൈക്കിനൊപ്പം ബസിന്റെ അടിയില്‍ കുടുങ്ങി. ഇയാളെയും ബൈക്കിനെയും ബസ് നൂറടിയോളം വലിച്ചിഴച്ചു. ഇതിന് പിന്നാലെ ബസിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുകയും യുവാവ് കത്തിയമരുകയും ചെയ്തു.
അപകടത്തിന് പിന്നാലെ ബസിനെ അഗ്‌നിനാളങ്ങള്‍ വിഴുങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. പോലീസുകാര്‍ ബസില്‍നിന്ന് ഓടിയിറങ്ങി രക്ഷപ്പെടുന്നതും കാണാം.