IndiaNEWS

അമ്പും വില്ലും ആര്‍ക്കുമില്ല; ശിവസേന തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചു

ന്യൂഡല്‍ഹി: ശിവസേനയുടെ അമ്പും വില്ലും ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷന്‍ താത്കാലികമായി മരവിപ്പിച്ചു. ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ വിഭാഗവും നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. ഇതോടെ, ഉപതെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള ചിഹ്നങ്ങളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരും.

Signature-ad

ഇരുകൂട്ടരോടും പുതിയ പേര് തെരഞ്ഞെടുക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ വാദം.

ആരാണ് യഥാര്‍ഥ ശിവസേന എന്ന് തീരുമാനിക്കുന്നതില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ചിഹ്നം മരവിപ്പിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. പാര്‍ട്ടിയില്‍നിന്നും എം.എല്‍.എമാരെ അടര്‍ത്തിമാറ്റി ബി.ജെ.പിയുമായി സഹകരിച്ച് ഏക്‌നാഥ് ഷിന്‍ഡേ സര്‍ക്കാര്‍ രൂപവത്കരിച്ച് നാലു മാസത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്.

 

Back to top button
error: