IndiaNEWS

ജെ.ഡി.യുവിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു: വെളിപ്പെടുത്തി നിതീഷ് കുമാര്‍

പട്‌ന: ജെ.ഡി.യുവിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പിന്‍ഗാമിയാക്കാമെന്നു നിതീഷ് പറഞ്ഞെന്നു പ്രശാന്ത് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജെ.ഡി.യുവില്‍ തന്റെ പിന്‍ഗാമിയായി പ്രശാന്തിനെ നിയമിക്കാമെന്നു പറഞ്ഞിട്ടില്ലെന്നു നിതീഷ് പറഞ്ഞു.

”ഞാന്‍ ക്ഷണിച്ചിട്ടല്ല കഴിഞ്ഞ മാസം പ്രശാന്ത് കാണാന്‍ വന്നത്. അദ്ദേഹം സ്വന്തം ഇഷ്ടത്തിനാണ് എന്നെ കാണാന്‍ വസതിയിലെത്തിയത്. പ്രശാന്ത് നുണ പറയുന്നത് തുടരുകയാണ്. അദ്ദേഹം എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, ഞങ്ങള്‍ക്ക് അദ്ദേഹവുമായി ഒന്നും ചെയ്യാനില്ല. ഞങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് ബോധവാന്‍മാരാണ്. ഡല്‍ഹിയിലും പട്‌നയിലും അദ്ദേഹവുമായി ചര്‍ച്ച നടത്തിയതാണ്. ഇടയ്ക്കിടെ അദ്ദേഹവുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. അഞ്ച് വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസുമായി ലയിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. പ്രശാന്ത് കിഷോറിനെപ്പോലുള്ളര്‍ ഒരിടത്തും നില്‍ക്കില്ല. കുറച്ചു നാളുകളായി പ്രശാന്ത് ബി.ജെ.പിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ക്കെതിരേ സംസാരിക്കുന്നത്.”-നിതീഷ് പറഞ്ഞു.

Signature-ad

പാര്‍ട്ടിയെ നയിക്കാന്‍ നിതീഷ് കുമാര്‍ തന്നോട് ആവശ്യപ്പെട്ടെന്ന് അടുത്തിടെ നടന്ന പൊതുസമ്മേളനത്തില്‍ പ്രശാന്ത് കിഷോര്‍ പ്രസംഗിച്ചിരുന്നു. അത് സാധ്യമല്ലെന്നു മറുപടി പറഞ്ഞുവെന്നും പ്രശാന്ത് പറഞ്ഞിരുന്നു. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി ‘ഐ പാക്’ സ്ഥാപകനായ പ്രശാന്ത്, 2018 ല്‍ ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു. ദേശീയ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ട അദ്ദേഹത്തെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടര്‍ന്ന് നിതീഷ് പിന്നീട് പുറത്താക്കുകയായിരുന്നു.

 

 

Back to top button
error: