മലപ്പുറം: വിദേശത്തുനിന്ന് ഒരുകിലോ സ്വര്‍ണവുമായെത്തിയ യാത്രക്കാരനെ പോലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് ദുബായ് വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് അറസ്റ്റിലായത്. ട്രോളി ബാഗിനകത്ത് രണ്ട് റോഡുകളായി 1002 ഗ്രാം സ്വര്‍ണം മെര്‍കുറിയില്‍ പൊതിഞ്ഞ്, വെള്ളി നിറത്തിലിക്കി ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണം.
വെള്ളിയാഴ്ച 9.45- ന് അബുദാബിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അനീഷ് ബാബു കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ അനീഷ് തന്നെ കൂട്ടാനെത്തിയ സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകുന്ന വഴി ഗേറ്റിനടുത്തുവെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ അനീഷ് വിസമ്മതിച്ചു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍, സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് അനീഷിന്റെ ട്രോളി ബാഗ് വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ബാഗിന്റെ ഉറപ്പിന് നല്‍കുന്ന ലോഹ ദണ്ഡിന് പകരമായി സ്വര്‍ണ ദണ്ഡ് പിടിപ്പിച്ച് അത് അലൂമിനിയം പാളികൊണ്ട് കവര്‍ ചെയ്ത ശേഷം പ്ലാസ്റ്റിക് ഷീറ്റ്കോണ്ട് കവര്‍ ചെയ്ത് സ്‌ക്രൂചെയ്ത് ബാഗിന്റെ ഉള്‍ഭാഗത്ത് ഉറപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. അനീഷിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും.