എറണാകുളം: കഴിഞ്ഞ ദിവസം രാത്രി വടക്കഞ്ചേരി-വാളയാര്‍ നാലുവരിപ്പാതയില്‍ കൊല്ലത്തറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട ലൂമിനസ് ബസിന്റെ ഡ്രൈവർ ജോമോൻ മദ്യപാനിയും നിരവധി കേസുകളിൽ പ്രതിയുമാണെന്ന് റിപ്പോർട്ട്.
ജോമോന്‍ മുന്‍പ് പിറവത്തു സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. ഇതിനു ശേഷമാണു ടൂറിസ്റ്റ് ബസില്‍ പോയിത്തുടങ്ങിയത്. 2018 ല്‍ മദ്യപിച്ചു വാഹനം ഓടിച്ചതിനു കൂത്താട്ടുകുളം പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ജൂലൈയില്‍ അന്ത്യാലില്‍ ഡിവൈഎഫ്‌ഐ ഓഫിസ് ആക്രമിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസുണ്ട്.
ലൂമിനസിന്റെ അസുര ബസാണ് അപകടത്തിൽപ്പെട്ടത്.മറ്റുള്ളവരോ ടൊപ്പം ഡ്രൈവർ ജോമോനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാൾ ആശുപത്രിയില്‍നിന്ന് മുങ്ങുകയായിരുന്നു. ഇയാളെ വ്യാഴാഴ്ച മൂന്നരയോടെ കൊല്ലം ചവറയില്‍ നിന്നാണ് പിന്നീട് പോലീസ് പിടികൂടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഇതിനെല്ലാം പിന്നില്‍ മദ്യപിച്ചിരുന്നോ എന്ന ഉറപ്പിക്കാനുള്ള രക്തപരിശോധന ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് കരുതുന്നത്.
അപകടമുണ്ടായി 12 മണിക്കൂര്‍ പിന്നിട്ടുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു അറസ്റ്റ്.അതേസമയം അറസ്റ്റിന് പിന്നില്‍ കീഴടങ്ങല്‍ നാടകമില്ലെന്നാണ് പൊലീസ് പറയുന്നത്.മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവ സ്ഥലത്തുനിന്നു ടൂര്‍ ഓപ്പറേറ്ററാണെന്ന് പറഞ്ഞാണ് ജോമോന്‍ കടന്നു കളഞ്ഞത്. ബസിന്റെ സ്റ്റിയറിങ്ങില്‍ കുടുങ്ങിക്കിടന്ന ഇയാളെ അഗ്‌നിരക്ഷാ സേനയാണു പുറത്തെടുത്തത്. പിന്നീട് കാലിനു പരുക്കുണ്ടെന്നു പറഞ്ഞ് ആംബുലന്‍സില്‍ കയറി. പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ഡ്രൈവറാണോ എന്നു ചോദിച്ചെങ്കിലും ടൂര്‍ ഓപ്പറേറ്ററാണെന്നായിരുന്നു മറുപടി. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നാണ് നേരം പുലരുന്നതിന് മുൻപെ ഇയാൾ സ്ഥലം വിട്ടത്.