കെ. റെയിലിനു വേണ്ടി കേരളം മുറവിളി കൂട്ടുന്നതിനിടയിൽ ഇതാ ഒരു ശുഭ വാർത്ത. കോടികളുടെ നിക്ഷേപം വേണ്ട, പുതിയ പാതകൾ വേണ്ട, കിടപ്പാടം നഷ്ടപ്പെട്ട് ആയിരങ്ങൾ വഴിയാധാരമാകില്ല, വ്യാപകമായ ജന രോഷമില്ല. യാത്രക്കാർക്ക് നിശ്ചിത സമയത്ത് ലക്ഷ്യസ്ഥലത്ത് എത്താവുന്ന അതിവേഗ സർവ്വീസുമായി ഇന്ത്യൻ റെയിൽവെ.
അടുത്ത രണ്ടുവർഷത്തിനകം ഷൊർണൂർ-മംഗളൂരു, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-പോത്തന്നൂർ പാതകളിലൂടെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടിയോടിക്കുമെന്ന് ദക്ഷിണറെയിൽവേ ജനറൽ മാനേജർ ബി.ജി മല്യ പറയുന്നു.
ഇതിനായി റെയിൽപ്പാത ശക്തിപ്പെടുത്തുകയും സിഗ്നൽസംവിധാനം നവീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചെന്നൈയിൽ അറിയിച്ചു. 2024-’25 സാമ്പത്തിക വർഷത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ആറക്കോണം-ജോലാർപ്പേട്ട്, എഗ്മൂർ-വിഴുപുരം, തിരുച്ചിറപ്പള്ളി- ദിണ്ടിഗൽ പാതകളും 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാനായി നവീകരിക്കും.
134 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ-ഗുണ്ടൂർ പാതയിലൂടെ വേഗപരീക്ഷണം നടത്തിയതുസംബന്ധിച്ച പത്രക്കുറിപ്പിലാണ് ജനറൽ മാനേജർ ഇക്കാര്യങ്ങൾ അറിയിച്ചത്. വ്യാഴാഴ്ച നടത്തിയ പരീക്ഷണയാത്രയിൽ 143 കിലോമീറ്റർവേഗത്തിൽവരെ തീവണ്ടി ഓടിക്കാൻ സാധിച്ചു.
84 മിനിറ്റുകൊണ്ടാണ് 134 കിലോമീറ്റർ താണ്ടിയത്. ചെന്നൈ-ഗുണ്ടൂർ പാതയിലെ വേഗപരീക്ഷണ യാത്രയിൽ പ്രിൻസിപ്പൽ ചീഫ് എൻജിനിയർ ദേഷ് രത്തൻ ഗുപ്ത, ചെന്നൈ ഡിവിഷൻ റെയിൽവേ മാനേജർ ഗണേഷ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ജനറൽ മാനേജരോടൊപ്പമുണ്ടായിരുന്നു.
,