മൂവാറ്റുപുഴ: കുത്തേറ്റ നിലയില്‍ ഓടിവന്ന യുവതി രക്ഷതേടി കാറിനു വട്ടംചാടി. മൂവാറ്റുപുഴ കച്ചേരിത്താഴം കാവുംപടി റോഡില്‍ ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. നഗരത്തിനു സമീപമുള്ള വിജനമായ സ്ഥലത്തെ വീട്ടില്‍വച്ചാണ് യുവതിക്ക് കുത്തേറ്റത്. തന്നെ ആശുപത്രിയിലാക്കണമെന്നും വീട്ടിനുള്ളില്‍ ഏതാനും പേരുണ്ടെന്നും പറഞ്ഞ യുവതിക്കൊപ്പം വേറൊരു സ്ത്രീയുമുണ്ടായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉടന്‍ പോലീസില്‍ വിവരറിയിച്ചു. പോലീസെത്തി യുവതിയെ ആശുപത്രിയിലാക്കി.
യുവതി പറഞ്ഞ പ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസിനെതിര്‍വശത്തെ വീട്ടില്‍ പോലീസെത്തിയപ്പോള്‍ കത്തിയുമായി ആത്മഹത്യാ ഭീഷണി മുഴക്കുന്ന യുവാവിനെ കണ്ടു. 11 മണിയോടെ ഇയാളെ സാഹസികമായി പോലീസ് കീഴടക്കി.
വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. ഈ വീട്ടില്‍ ആള്‍ താമസമില്ലെന്നാണ് സ്ഥലവാസികള്‍ പറയുന്നത്. അടിമുടി ദുരൂഹത നിറഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.