കോട്ടയം ആര്‍.ടി.ഒയുടെ കീഴിലാണ് ബസിനെ ബ്ലാക്ക്‍ലിസ്റ്റില്‍ പെടുത്തിയത്. അരുണ്‍ എന്നയാളാണ് ബസിന്റെ ഉടമ. ഇതിന് പുറമേ ബസിനെതിരെ അഞ്ചോളം കേസുകളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ബ്ലാക്ക്‍ലിസ്റ്റില്‍ പെട്ടാലും ബസിന് സര്‍വീസ് നടത്താനാകും. ഈ പഴുത് ഉപയോഗിച്ചാണ് ബസ് കുട്ടികളുമായുള്ള വിനോദയാത്രക്കായി എത്തിയത്.
ലൈറ്റുകള്‍ സ്ഥാപിച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, നിയമവിരുദ്ധമായ എയര്‍ഹോണ്‍, ചട്ടംലംഘിച്ച് വാഹനമോടിക്കല്‍ എന്നിവക്കെല്ലാമാണ് ബസിനെതിരെ കേസുളളത്.
ഈ ബസാണ് ഇന്നലെ പാലക്കാടിന് സമീപം അപകടത്തിൽ പെട്ടത്.വേളാങ്കണ്ണി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ബസ് അതേ ഡ്രൈവറുമായി വിശ്രമമില്ലാതെ സ്കൂൾ കുട്ടികളെയും കൊണ്ട് ഊട്ടിയിലേക്ക് പുറപ്പെടുകയായിരുന്നു.
അപകടത്തിൽ എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിലെ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും കെ.എസ്.ആര്‍.ടി.സി ബസിലെ മൂന്ന് യാത്രക്കാരും മരിച്ചു.
കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.97 കിലോമീറ്റർ വേഗതയിൽ ആയിരുന്നു ഈ സമയം ടൂറിസ്റ്റ് ബസ്.