KeralaNEWS

സൗദിയില്‍നിന്നെത്തിലെത്തിച്ച മൃതദേഹങ്ങള്‍ മാറി, വള്ളിക്കുന്നം സ്വദേശി ഷാജിരാജനു പകരം സംസ്‌കരിച്ചത് യു.പി സ്വദേശിയെ

ആലപ്പുഴ: സൗദി അറേബ്യയില്‍ മരിച്ച വള്ളികുന്നം സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടില്‍ എത്തിച്ച് സംസ്‌കരിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുകൊണ്ടുവന്ന മൃതദേഹങ്ങള്‍ വിമാനത്തില്‍വച്ച് മാറിപ്പോകുകയായിരുന്നു.

സൗദിയില്‍ നിര്‍മാണമേഖലയില്‍ ജോലിചെയ്തിരുന്ന വള്ളികുന്നം കാരാഴ്മ വാര്‍ഡില്‍ കണിയാംവയലില്‍ ഷാജിരാജന്റെ (50) മരണവിവരം ബന്ധുക്കളറിഞ്ഞത് ജൂലൈയ് 18-നായിരുന്നു. താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആറുദിവസത്തോളം മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നു. ഷാജിരാജനെ കാണാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ തിരക്കിച്ചെന്നപ്പോഴാണു വിവരമറിയുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പോസ്റ്റ്മോര്‍ട്ടം നടപടികളെല്ലാംകഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമമാരംഭിച്ചപ്പോഴാണ് പാസ്‌പോര്‍ട്ട് കാണാനില്ലെന്ന വിവരമറിഞ്ഞത്. നാട്ടിലേക്കുമടങ്ങാനായി 2019-ല്‍ ഷാജിരാജന്‍ എക്സിറ്റ് വിസ എടുത്തതായുമറിഞ്ഞു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.

Signature-ad

മൃതദേഹം അവിടെ മോര്‍ച്ചറിയില്‍ത്തന്നെ സൂക്ഷിച്ചു. ഇതിനിടെ കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. കാണാതായ പാസ്‌പോര്‍ട്ടിന്റെ വിവരങ്ങളും മറ്റുരേഖകളും ശേഖരിച്ചു. തുടര്‍ന്നാണ് സെപ്റ്റംബര്‍ 30-ന് രാവിലെ മൃതദേഹം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ചു.

ബന്ധുവായ രതീഷാണ് മൃതദേഹം ഏറ്റുവാങ്ങിയത്. എല്ലാരേഖകളും പരിശോധിച്ചശേഷമാണ് അവര്‍ മൃതദേഹം നല്‍കിയത്. എംബാം ചെയ്തതും അഴുകിയതുമായ മൃതദേഹം തുറക്കാതെ സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഭാര്യ രാഗിണിയുടെ വള്ളികുന്നം കാരാഴ്മ കണിയാവയലില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തുറന്നു നോക്കരുതെന്ന നിര്‍ദേശവുമുണ്ടായിരുന്നു.

അടുത്തദിവസമാണ് മൃതദേഹങ്ങള്‍ മാറിയ വിവരം കാര്‍ഗോ അധികൃതര്‍ വീട്ടുകാരെ അറിയിക്കുന്നത്. യു.പിയിലേക്ക് കൊണ്ടുപോയ ഷാജിരാജന്റെ മതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അബ്ദുള്‍ ജാവേദിന്റെ വീട്ടുകാര്‍. ഉടന്‍ യു.പി പോലീസ് ഷാജിരാജന്റെ കുടുംബത്തെ ബന്ധപ്പെട്ടെങ്കിലും ഇവിടെ സംസ്‌കാരം കഴിഞ്ഞിരുന്നു. പിന്നീട്, ഷാജിരാജന്റെ മൃതദേഹം അബ്ദുള്‍ ജാവേദിന്റെ കുടുംബത്തില്‍നിന്ന് വാരാണസി ജില്ലാഭരണകൂടം ഏറ്റെടുത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എം.പി. എംബസിയുമായും അവിടത്തെ ജില്ലാഭരണകൂടവുമായും ബന്ധപ്പെട്ട് മൃതദേഹം വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൃതദേഹവുമായി ആംബുലന്‍സ് ഉത്തര്‍പ്രദേശില്‍നിന്ന് പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ എത്തും. സാമ്പത്തികമായി ഏറെ പിന്നാക്കമായ ഷാജിരാജന്റെ കുടുംബത്തിന്‍െ്‌റ ഏകസമ്പാദ്യം മൂന്നുസെന്റ് സ്ഥലമാണ്. ഷാജിരാജന്റെ ഭാര്യ: രാഗിണി. മക്കള്‍: അനഘ, അപര്‍ണ, അനുഷ.

Back to top button
error: