NEWSWorld

ജീവൻ രക്ഷാമരുന്നുകൾ ജീവൻ കവരുന്നു, 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചു; മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ കഫ്‌സിറപ്പിനെതിരേ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായി എന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് തരം കഫ് സിറപ്പുകൾക്കെതിരേയാണ് മുന്നറിയിപ്പ്.

ഈ കഫ് സിറപ്പുകൾ ഉപയോഗിച്ചതു മൂലം ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികൾ വൃക്ക തകരാറിലായി മരണപ്പെട്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളാണ് വൃക്ക രോഗം ബാധിച്ച് മരിച്ചത്.

നാല് മരുന്നുകളിലും അമിതമായ അളവിൽ ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയിൽ വ്യക്തമായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ഗാംബിയയിൽ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടർ ജനറൽ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ മരുന്നിന്റെ വിതരണം നിർത്തിവെക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കമ്പനിയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഡബ്ലു.എച്ച്.ഒ അറിയിച്ചു. ഗാംബിയൻ സർക്കാരും ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

എന്നാൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ആരോപണം നിഷേധിച്ചിട്ടുണ്ട്.

Back to top button
error: