തൃശ്ശൂര്‍: ഇളംതുരുത്തിയില്‍ പണമാവശ്യപ്പെട്ട് യുവാവിനു നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ സംഭവത്തില്‍ രണ്ടുപേരെ ഒല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. കൊഴുക്കുള്ളി സ്വദേശി അനന്തകൃഷ്ണന്‍ (23), പട്ടിക്കാട് സ്വദേശി സാമുവല്‍ (22) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പത്തേകാലിന് കുന്നംകാട്ടുകര കപ്പേളക്കു സമീപത്തായിരുന്നു സംഭവം.
എ.കെ.ജി. നഗറിലെ ശ്രീജിത്തിനെയാണ് ഇവര്‍ വിളിച്ചു വരുത്തിയത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. സംഭവദിവസം നടന്ന തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പിന്നീട് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
സ്ഫോടനശബ്ദം കേട്ട് സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. തൊട്ടടുത്ത വീട്ടില്‍നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. പ്രതികളുടെ പേരിലും ശ്രീജിത്തിന്റെ പേരിലും വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.