KeralaNEWS

ചിലര്‍ പോലീസിന് കളങ്കമുണ്ടാക്കുന്നു, സില്‍വര്‍ ലൈന്‍ സൂക്ഷിച്ചുമതി; ഇടത് സര്‍ക്കാരിനെ കടന്നാക്രമിച്ച് സി.പി.ഐ സമ്മേളനം

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനം. ഇടത് സര്‍ക്കാരിന് നയവ്യതിയാനമുണ്ടായി എന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയിലും യു.എ.പി.എ വിഷയത്തിലും ഇടത് നയവ്യതിയാനം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒറ്റപ്പെട്ട സംഭവങ്ങളും വ്യക്തികളും പോലീസിന് കളങ്കമുണ്ടാക്കുന്നു. ചില കേസുകളില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി മാഫിയയുമായി ചില പോലീസുകാര്‍ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും ജനകീയ പൊലീസ് എന്നതാകണം സര്‍ക്കരാര്‍ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി നടത്തിയ സര്‍വെ നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. പദ്ധതി നടപ്പാക്കുന്നത് പാരിസ്ഥിതിക ആഘാത പഠനം ഉള്‍പ്പെടെ അവധാനതയോടെ നടത്തിയതിന് ശേഷമാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തീരദേശ ജനതയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്നണി തലത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Back to top button
error: