കണ്ണൂര്‍: ട്രെയിനില്‍ പെരുമ്പാമ്പുകളെ കടത്തിയതിന് റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസില്‍ പ്ലാസ്റ്റിക് ബാഗിലാണ് നാലു പെരുമ്പാമ്പുകളെ കടത്തിയത്. സംഭവത്തില്‍ എ2 കോച്ച് ബെഡ് റോള്‍ കരാര്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മ (40)യെ റെയില്‍വേ സുരക്ഷാസേന പിടികൂടി.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാമ്പുകളെ കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പാമ്പുകളെ വാങ്ങാനെത്തിയ ആളും പിടിയിലായി. പാമ്പുകള്‍ക്ക് മൂന്നുലക്ഷം രൂപ വിലയുണ്ടെന്നാണ് വാങ്ങാനെത്തിയ ആള്‍ പറഞ്ഞത്. ഇയാളെയും പാമ്പുകളെയും കോഴിക്കോട് ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി.
ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എ2 കോച്ചില്‍നിന്ന് പുറത്തുവന്ന കമല്‍കാന്ത് ശര്‍മ ഒരു പ്ലാസ്റ്റിക് പെട്ടി കൈമാറി. ഇത് വണ്ടിയിലെ എസ്‌കോര്‍ട്ടിങ് എ.എസ്ഐയും സംഘവും ശ്രദ്ധിക്കുന്നതുകണ്ടതോടെ വാങ്ങാന്‍ വന്നയാള്‍ മുങ്ങി. സംശയം തോന്നിയ സംഘം പെട്ടി തുറന്നപ്പോഴാണ് വ്യത്യസ്ത നിറമുള്ള പെരുമ്പാമ്പുകളെ കണ്ടത്.
വസായി റോഡ് സ്റ്റേഷനില്‍നിന്ന് ഒരാള്‍ അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഏല്‍പ്പിച്ചതാണെന്നും വാങ്ങാന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ ആള്‍ എത്തുമെന്നുമാണ് പറഞ്ഞതെന്നും കമല്‍കാന്ത് ശര്‍മ പോലീസ് സംഘത്തോട് പറഞ്ഞു. ആര്‍.പി.എഫിന്റെ നിര്‍ദേശപ്രകാരം പോലീസിനെ കണ്ട് മുങ്ങിയ വാങ്ങാന്‍ വന്നയാളെ ഫോണില്‍ വിളിച്ച് കോഴിക്കോട് വന്നാല്‍ സാധനം തരാമെന്ന് പറഞ്ഞു. ഇതിനുസരിച്ച് എത്തിയ ആളെ റെയില്‍വേ പോലീസ് പിടികൂടുകയായിരുന്നു.