സംയുക്ത സൈനിക മേധാവിയായി അനില്‍ ചൗഹാന്‍ ചുമതലയേറ്റു
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) അനില്‍ ചൗഹാന്‍ ചുമതലയേറ്റു. ഇന്ത്യയുടെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയാണ് അനില്‍ ചൗഹാന്‍. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായിട്ടാണ് നിയമനം. മിലിട്ടറികാര്യ വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കും.
നിലവില്‍ ദേശീയ സുരക്ഷാ സമിതിയുടെ സൈനിക ഉപദേഷ്ടാവാണ്. കരസേന മേധാവി മനോജ് പാണ്ഡെ, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി, നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ എസ്.എന്‍ ഗോര്‍മഡെ, എയര്‍ മാര്‍ഷല്‍ ബി.ആര്‍ കൃഷ്ണ എന്നിവരും അനില്‍ ചൗഹാന്റെ കുടുംബാംഗങ്ങളും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.
ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേല്‍ക്കാന്‍ സൗത്ത് ബ്ലോക്കിലെത്തിയത്. സൗത്ത് ബ്ലോക്കില്‍ പുതിയ സംയുക്ത മേധാവിക്ക് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്ന് 2021 മേയിലാണ് അനില്‍ ചൗഹാന്‍ വിരമിച്ചത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം തുടര്‍ന്നും സജീവമായിരുന്നു.
ദേശീയ സുരക്ഷാസമിതിയുടെ സൈനികോപദേഷ്ടാവ്, സേനയുടെ മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലേയും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ഗാമി ജനറല്‍ ബിപിന്‍ റാവത്തിന്റെ അതേ റെജിമെന്റായ 11 ഗോര്‍ഖ റൈഫിള്‍സ് നിന്നാണ് അനില്‍ ചൗഹാനും സംയുക്ത സൈനിക മേധാവിയായി എത്തുന്നത്. 11 ഗോര്‍ഖ റൈഫിള്‍സിന്റെ ആറാം ബറ്റാലിയന്‍ അംഗമാണ് ചൗഹാന്‍. 1981 ല്‍ 20-മത്തെ വയസിലാണ് ചൗഹാന്‍ സൈനിക സേവനം ആരംഭിച്ചത്. 40 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം സേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് ചീഫായി 2021 മെയിലാണ് ലെഫ് ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചത്.
സൈന്യത്തിലെ സ്തുത്യര്‍ഹ സേവനത്തിന് പരമ വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, സേവ മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. മികച്ച ഗോള്‍ഫ് കളിക്കാരന്‍ കൂടിയാണ്. ആഫ്റ്റര്‍മാത്ത് ഓഫ് എ ന്യൂക്ലിയര്‍ അറ്റാക്ക്, മിലിട്ടറി ജ്യോഗ്രഫി ഓഫ് ഇന്ത്യാസ് നോര്‍തേണ്‍ ബോഡേഴ്സ് എന്നീ പുസ്തകങ്ങളും അനില്‍ ചൗഹാന്‍ രചിച്ചിട്ടുണ്ട്.