മുംബൈ: റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം വര്‍ധിപ്പിച്ച് 5.9 ശതമാനമാക്കി. ഈ വര്‍ഷം നാലാം തവണയാണ് വായ്പാ നിരക്ക് കൂട്ടുന്നത്. നാണ്യപ്പെരുപ്പം തുടരുന്നതായി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ വര്‍ധിക്കും. റിസര്‍വ് ബാങ്കിന്റെ പണനയസമിതി (എം.പി.സി) യോഗത്തിനു പിന്നാലെയാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അടുത്ത 2 മാസത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചത്. ഇക്കൊല്ലം 4 തവണയായി 1.9 ശതമാനമാണ് ഇതുവരെ പലിശ വര്‍ധിപ്പിച്ചത്. ഡിസംബറിലാണ് ഇനി അടുത്ത എം.പി.സി യോഗം.
2022-23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനത്തില്‍നിന്ന് ഏഴു ശതമാനമായി കുറച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നടപ്പ് വര്‍ഷത്ത രണ്ടാം പാദത്തില്‍ 6.3 ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.6 ശതാനവുമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 7.2 ശതമാനമായി ഉയരുമെന്നും ആര്‍.ബി.ഐ അനുമാനിക്കുന്നു.
യു.എസ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും തുടര്‍ച്ചയായി നിരക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി ആറാമത്തെ മാസവും ആര്‍ബിഐയുടെ ക്ഷമതാപരിധിക്ക് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.