തിരുവനന്തപുരം :- പൈപ്പുകളുടെ പഴക്കവും റോഡ് മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുവദിക്കാത്തതും സുഗമമായ ജലവിതരണത്തിന് തടസ്സമാകുന്നതായി ജല അതോറിറ്റി.
നഗരത്തിലെ ചെമ്പകശേരി മേഖലയിലെ ജലക്ഷാമത്തിനെതിരെ സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
പി വി സി പൈപ്പുകൾ സ്ഥാപിച്ചാൽ കൂടിയ അളവിൽ വെള്ളം ലഭ്യമാകുമെന്നും ഉപഭോക്താവ് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ഇക്കാര്യം ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്.
കുടിവെള്ളത്തിന്റെ ലഭ്യത ഏതൊരു മനുഷ്യന്റെയും അവകാശമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജലക്ഷാമം പരിഹരിക്കാനായി നഗരസഭയുടെ അമൃത് പദ്ധതിയിലും അർബൻ അഗ്ലോമറേഷൻ പദ്ധതിയിലും ഉൾപ്പെടുത്തി പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് സമർപ്പിച്ച സാഹചര്യത്തിൽ കാലതാമസം കൂടാതെ പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറിയും പരാതി പരിഹരിക്കാൻ സാധിക്കുന്ന സഹായങ്ങൾ ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ചെമ്പകശേരി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജി. രാജഗോപാൽ സമർപ്പിച്ച പരാതിയിലാണ് നടപടി.