KeralaNEWS

പ്ലസ് ടൂ പാസായാല്‍ ഇനി ലേണേഴ്സ് ലൈസന്‍സ് എടുക്കണ്ട, പാഠപുസ്തകത്തില്‍ വാഹനാപകട കാരണങ്ങളും റോഡ് നിയമങ്ങളും

ലൈസന്‍സ് എടുക്കുന്നതിന് മുന്‍പ് വാഹനാപകട കാരണങ്ങളും നിയമപ്രശ്നങ്ങളും അറിഞ്ഞിരിക്കണമെന്നത് മുന്‍നിര്‍ത്തി റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഹയര്‍ സെക്കൻ്ററി വിദ്യാര്‍ഥികളുടെ സിലബസിൽ റോഡ് നിയമങ്ങള്‍ ഉള്‍പെടുത്താന്‍ തീരുമാനമായി.

റോഡ് നിയമങ്ങള്‍, മാര്‍ക്കിംഗുകള്‍, സൈനുകള്‍ എന്നിവയും വാഹനാപകട കാരണങ്ങളും നിയമപ്രശ്നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉള്‍പെടെ മോട്ടോര്‍ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

Signature-ad

ഹയര്‍ സെക്കൻ്ററി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം നാളെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം പ്രകാശനം ചെയ്യും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുക്കും. സെക്രട്ടറിയറ്റിലെ പി.ആര്‍ ചേമ്പറിലായിരിക്കും പ്രകാശന ചടങ്ങ്.

പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനാല്‍ ഹയര്‍ സെക്കൻ്ററി പരീക്ഷ പാസായി ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ പ്രത്യേക ലേണേഴ്സ് ലൈസന്‍സ് എടുക്കേണ്ടി വരില്ല.  കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്താന്‍ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും.

ഇത്തരത്തില്‍ രാജ്യത്തുതന്നെ ആദ്യമായി തയ്യാറാക്കിയിട്ടുള്ള പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് സംവിധാനം ഒരുക്കും.

Back to top button
error: